July 28, 2026

ജോൺസൺ ഐക്കരക്ക് നടവയലിന്റെ ആദരം; ജൂൺ 28ന് സ്വീകരണം

0
IMG_20250625_204711
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: കേരള സംഗീത നാടക അക്കാദമിയുടെ ഈ വർഷത്തെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട നടവയൽ സ്വദേശി ജോൺസൺ ഐക്കരക്ക് നാട് സ്നേഹാദരം ഒരുക്കുന്നു. ജൂൺ 28ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് സ്വീകരണച്ചടങ്ങ് നടക്കുക.

മലയാള പ്രൊഫഷണൽ നാടക വേദിയിൽ കാൽ നൂറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് സജീവമായ ജോൺസനെ, നടവയലിലെ കലാകായിക സാഹിത്യ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്‌മയായ നാട്ടൊരുമയുടെ നേതൃത്വത്തിലാണ് ആദരിക്കുന്നത്. നടവയൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വയനാട് വൃന്ദാര എന്ന പ്രൊഫഷണൽ നാടക സമിതിയിലൂടെയാണ് ജോൺസൺ നാടക രംഗത്തെത്തിയത്. വള്ളുവനാട് ബ്രഹ്മയുടെ ‘വാഴ് വേമായം’ എന്ന നാടകത്തിലെ പ്രകടനത്തിനാണ് ഇദ്ദേഹത്തിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്.

നേരത്തെ, ‘പാട്ടു പാടുന്ന വെള്ളായി’ എന്ന നാടകത്തിലൂടെ മികച്ച നടനുള്ള കെ സിബിസി അവാർഡും സംഗീത നാടക അക്കാദമിയുടെ സ്പെഷ്യൽ ജൂറി അവാർഡും ജോൺസനെ തേടിയെത്തിയിട്ടുണ്ട്.

ജൂൺ 28ന് നടവയൽ ടൗണിൽ സ്വീകരണം നൽകിയ ശേഷം ഘോഷയാത്രയായി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് എത്തിച്ചാണ് പൊതുസമ്മേളനം നടത്താൻ സംഘാടകർ തീരുമാനിച്ചിരിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ പി.കെ.പാറക്കടവ് മുഖ്യ പ്രഭാഷണം നടത്തും. നാട്ടൊരുമയുടെ ചെയർമാൻ ബാബു ചിറപ്പുറം ചടങ്ങിൽ അധ്യക്ഷത വഹിക്കും.

പൊതുസമ്മേളനത്തിന് ശേഷം ഓർമ ഇൻ്റർനാഷനൽ നടവയൽ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഗാനസന്ധ്യയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ബിനു മാങ്കൂട്ടം, ഷാജി എ.ജയിംസ്, വിൻസന്റ് ചേരവേലിൽ എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *