ജനസാഗരമായി എടവക; ഷീജയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ
മാനന്തവാടി: കനത്ത മഴയെ അവഗണിച്ച്, പ്രിയപ്പെട്ട ആശാ വർക്കർ കെ.വി. ഷീജയ്ക്ക് യാത്രാമൊഴിയേകാൻ എടവക സാക്ഷ്യം വഹിച്ചത് ജനസാഗരത്തിന്. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെല്ലാം തകർത്തെറിഞ്ഞ് മരണത്തിന് കീഴടങ്ങിയ ഷീജയുടെ ഭൗതികശരീരത്തിൽ സഹപ്രവർത്തകരായ ആശാ വർക്കർമാർ കണ്ണീരോടെ പനിനീർപ്പൂക്കൾ അർപ്പിച്ചു. പാണ്ടിക്കടവ് മുത്താരിമൂലയിലെ ആലഞ്ചേരി വീട്ടിലെത്തിയ ബന്ധുക്കൾക്കും നാട്ടുകാർക്കും അമ്മയുടെ വിയോഗത്തിൽ തളർർന്നുപോയ മക്കളായ നികന്യയെയും നിവേദ്യയെയും എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ നിസ്സഹായരായി നിന്നു. സമീപകാലത്തൊന്നും മാനന്തവാടിയിൽ കാണാത്തത്ര വലിയ ജനക്കൂട്ടമാണ് അന്തിമോപചാരമർപ്പിക്കാൻ മഴയെ അവഗണിച്ച് ഒഴുകിയെത്തിയത്. കളിച്ചും ചിരിച്ചും വീടിനും നാടിനും പ്രിയങ്കരിയായിരുന്ന ഷീജയ്ക്ക് നിറമിഴികളോടെയാണ് ജനാവലി വിട നൽകിയത്.
അപ്രതീക്ഷിത അപകടം, രണ്ട് മാസത്തെ പോരാട്ടം
മെയ് 6-ന് ബത്തേരിയിലെ സഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോൾ ഷീജയും ഭർത്താവ് രാമകൃഷ്ണനും സഞ്ചരിച്ച സ്കൂട്ടറിൽ അമിത വേഗതയിലെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഷീജയെ ആദ്യം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് ഉളിയേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. രണ്ട് മാസത്തോളം മരണത്തോട് മല്ലിട്ട ഷീജ ചൊവ്വാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ രാമകൃഷ്ണന് ഇപ്പോഴും ചികിത്സ തുടരേണ്ടതുണ്ട്.
കുടുംബത്തിന് താങ്ങും തണലുമായിരുന്നു ഷീജ
ചുമട്ടുതൊഴിലാളിയായ രാമന്റെയും ആശാ വർക്കറായിരുന്ന ഷീജയുടെയും വരുമാനമായിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്രയം. വരുമാനം നിലച്ചതോടെ ദുരിതത്തിലായ കുടുംബത്തെ സഹായിക്കാനും ഷീജയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനുമായി നാട്ടുകാർ ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഷീജയുടെ അന്ത്യം.
അന്ത്യാഞ്ജലികൾ അർപ്പിക്കാൻ പ്രമുഖരെത്തി
ചൊവ്വാഴ്ച രാത്രി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ രാവിലെ പോസ്റ്റ്‌മോർട്ടം ചെയ്തു. മന്ത്രി ഒ. ആർ. കേളു ഉൾപ്പെടെ നിരവധി പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ തുടങ്ങിയവരും മോർച്ചറിയിലെത്തിയിരുന്നു.
രാവിലെ 11 മണിയോടെ എടവക പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഒരുക്കിയ പന്തലിൽ പൊതുദർശനം ആരംഭിച്ചു. ഷീജയുടെ മക്കൾ പഠിക്കുന്ന മാനന്തവാടി ഗവ. കോളേജിലെയും മാനന്തവാടി ഗവ. ഹൈസ്കൂളിലെയും വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അവിടെയെത്തി അന്തിമോപചാരമർപ്പിച്ചു. ഉച്ചയ്ക്ക് 12:30 ഓടെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോഴും വൻ ജനാവലിയായിരുന്നു കാത്തുനിന്നിരുന്നത്. ഷീജയുടെ വിയോഗം മാനന്തവാടിയുടെ സാമൂഹിക മേഖലയിൽ വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.





Leave a Reply