May 30, 2026

എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണം

0
site-psd-116
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:പുനരധിവാസത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും, സൗജന്യ റേഷനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിക്കും കല്‍പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് നിവേദനം നല്‍കി.ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ടൗണ്‍ഷിപ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത സാഹചര്യത്തില്‍ അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഭാവി സംബന്ധിച്ച പ്രശ്നം ഗൗരവമായി നിലനില്‍ക്കുകയാണ്.

പുല്‍പാറ ഡിവിഷനിലെ നൂറ് തൊഴിലാളികള്‍ ഉള്‍പ്പെടെ എസ്റ്റേറ്റിന് കീഴിലെ 3 ഡിവിഷനുകളിലായി ആകെ 274 തൊഴിലാളികളാണുള്ളത്. ഇവരില്‍ 150 പേര്‍ വിരമിച്ചവരാണ്. 2014 മുതല്‍ തൊഴിലാളികളില്‍ നിന്ന് ഈടാക്കിയ പി.എഫ് വിഹിതവും ഉടമ അടയ്‌ക്കേണ്ട വിഹിതവും പി.എഫ് അക്കൗണ്ടില്‍ അടച്ചിട്ടില്ല. വിരമിച്ച 150 തൊഴിലാളികള്‍ക്ക് ഗ്രാറ്റിവിറ്റി ലഭിച്ചിട്ടില്ല. ഒരു വര്‍ഷത്തെ ലീവ് വിത്ത് വേജസ്, 2 വര്‍ഷത്തെ ബോണസ്, 7 വര്‍ഷത്തെ മെഡിക്കല്‍ ആനുകൂല്യങ്ങള്‍, അത്രയും വര്‍ഷത്തെ വെതര്‍ പ്രൊട്ടക്ടീവ് ആനുകൂല്യങ്ങള്‍, 2 ഘട്ടങ്ങളിലായി കൂലി പുതുക്കിയ സമയത്തെ കുടിശിക തുടങ്ങിയവയെ കുറിച്ച് തോട്ടം ഉടമ മൗനം തുടരുകയാണ്.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാത്തതിനാലും, അവരുടെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാലും ദൈന്യംദിന കാര്യങ്ങള്‍ക്ക് പോലും പ്രയാസപ്പെടുകയാണ്. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത സമയത്ത് ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാല്‍ തൊഴിലാളികള്‍ നടത്തിയിരുന്ന അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് അഡീഷണല്‍ ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ എസ്റ്റേറ്റ് മാനേജ്മെന്റ് പ്രതിനിധികള്‍, യൂണിയന്‍ നേതാക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ എസ്റ്റേറ്റ് ഏറ്റെടുക്കുമ്പോള്‍ നല്‍കുന്ന പ്രതിഫല തുകയില്‍ നിന്നും ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചിരുന്നു. എന്നാല്‍ ഭൂമി ഏറ്റെടുത്ത് പ്രവൃത്തികള്‍ ആരംഭിച്ച് മാസങ്ങളായിട്ടും ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. കൂടാതെ ശക്തമായ കാലവര്‍ഷം ആരംഭിച്ചിരിക്കെ തൊഴിലില്ലാത്തിനാല്‍ കുടുംബങ്ങളുടെ നിത്യചെലവ് ഉള്‍പ്പെടെ താളം തെറ്റിയിരിക്കുകയാണ്. ഈ കുടുംബങ്ങള്‍ക്കെല്ലാം തൊഴില്‍ ഇല്ലാത്തതിനാലും, ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാലും പട്ടിണിയിലായിരിക്കുകയാണ്. അതിനാല്‍ തൊഴിലാളികള്‍ക്ക് അടിയന്തരമായി സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *