പഞ്ചായത്തീരാജ് സംവിധാനത്തെ ഇടതുസര്‍ക്കാര്‍ തകര്‍ക്കുന്നു: എന്‍ ഡി അപ്പച്ചന്‍
വടുവഞ്ചാല്‍: കേരളത്തില്‍ പഞ്ചായത്തീ രാജ് സംവിധാനത്തെ തകര്‍ക്കുന്ന നടപടികളാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ കുറ്റപ്പെടുത്തി. മൂപ്പൈനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ഗ്രാമസ്വരാജ് വികസനസെമിനാര്‍ ‘മിഷന്‍ 2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്കുള്ള ലൈഫ് ഭവനപദ്ധതിയില്‍ ജനറല്‍ വിഭാഗത്തിലുള്ള ഒരാള്‍ക്ക് പോലും ധനസഹായം അനുവദിക്കുവാന്‍ സാധ്യമല്ലാത്ത വിധത്തില്‍ അട്ടിമറിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട ഫണ്ടുകള്‍ വെട്ടിക്കുറക്കുകയും യഥാസമയം നല്‍കാതിരിക്കുകയും ചെയ്യുന്നത് പഞ്ചായത്തീരാജ് സംവിധാനത്തോട് തന്നെയുള്ള വെല്ലുവിളിയാണ്. ആരോഗ്യമേഖല കുത്തഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിലേറെയായി ഇടതുസര്‍ക്കാര്‍ ഭരിക്കുമ്പോഴും വയനാട്ടിലെ ജനങ്ങള്‍ക്കായി ആരോഗ്യമേഖലയില്‍ യാതൊരുവിധ പുരോഗതിയുമുണ്ടാക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചില്ല. യു ഡി എഫ് കൊണ്ടുവന്ന മെഡിക്കല്‍ കോളജ് പദ്ധതി അട്ടിമറിച്ചു. മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജ് ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും കാര്യമായ ഒരു ഗുണവുമുണ്ടായിട്ടില്ല. പലപ്പോഴും ഇവിടെയെത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന സാഹചര്യമാണുള്ളത്. അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് ഇപ്പോഴും ചുരമിറങ്ങേണ്ട ഗതികേടിലാണ് വയനാട്ടുകാരെന്നും അദ്ദേഹം പറഞ്ഞു. ജില്ലക്കായി ഏഴായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും നാമമാത്രമായ തുകയാണ് ഇതുമായി ബന്ധപ്പെട്ട് അനു വദിച്ചിട്ടുള്ളത്. കാര്‍ഷികമേഖല പ്രതിസന്ധികള്‍ക്ക് നടുവിലാണ്. ജപ്തിഭീഷണികള്‍ തുടര്‍ക്കഥയാവുമ്പോഴും സര്‍ക്കാര്‍ സംവിധാനം നിസംഗതയിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒരുകാലത്തുമില്ലാത്ത വിധത്തില്‍ ഉയര്‍ന്നിട്ടും വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടാകുന്നില്ല. വൈദ്യുതി ചാര്‍ജ്ജും, വെള്ളക്കരവും, പെര്‍മീറ്റ് ഫീസുകളുമുള്‍പ്പെടെ ഇനി ഒന്നിനും വില വര്‍ധിപ്പിക്കാനില്ല. ജനങ്ങളെ ഇതുപോലെ ദ്രോഹിച്ച ഒരു സര്‍ക്കാര്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും, ജനകീയ പ്രശ്‌നങ്ങള്‍ ഇയര്‍ത്തിക്കാട്ടി അതിശക്തമായ സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസും യു ഡി എഫും നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബാവ അധ്യക്ഷനായിരുന്നു. അഡ്വ. ടി സിദ്ധിഖ് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി അംഗം പി പി ആലി, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ എം ജി ബിജു, ബിനു തോമസ്, എന്‍ സി കൃഷ്ണകുമാര്‍, ബി സുരേഷ്ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഉണ്ണികൃഷ്ണന്‍, ജോസ് കണ്ടത്തില്‍, ബാലന്‍, ആര്‍ യമുന, ദീപ ശശികുമാര്‍, അജിത ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply