വയനാട്ടിൽ അതിഥി തൊഴിലാളികൾക്കിടയിൽ 23 മന്ത് കേസുകൾ; മലേറിയ ഇല്ല
കൽപ്പറ്റ : 2024 ജനുവരി മുതൽ 2025 ജൂലൈ 10 വരെയുള്ള കാലയളവിൽ വയനാട് ജില്ലയിലെ അതിഥി തൊഴിലാളികൾക്കിടയിൽ 23 മന്ത് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതേസമയം, മലേറിയ കേസുകളൊന്നും ഈ കാലയളവിൽ കണ്ടെത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
അതിഥി പോർട്ടൽ, തൊഴിൽ വകുപ്പ് എന്നിവയുടെ കണക്കനുസരിച്ച് വയനാട് ജില്ലയിൽ 13,557 അതിഥി തൊഴിലാളികളാണുള്ളത്. ഇവരുടെ ആരോഗ്യസ്ഥിതി ഉറപ്പാക്കുന്നതിനായി ആരോഗ്യ വകുപ്പ് വിപുലമായ സ്ക്രീനിംഗ് ക്യാമ്പുകളും രാത്രികാല പരിശോധനകളും സംഘടിപ്പിക്കുന്നുണ്ട്.
2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ: കഴിഞ്ഞ വർഷം 271 സ്ക്രീനിംഗ് ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. ഈ ക്യാമ്പുകളിൽ 6236 പേരെ മന്ത്, മലേറിയ പരിശോധനകൾക്ക് വിധേയരാക്കി. ഇതിൽ 22 പേർക്ക് മന്ത് രോഗം സ്ഥിരീകരിച്ചു. മലേറിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല.
2025 ജനുവരി 1 മുതൽ ജൂലൈ 10 വരെ: ഈ വർഷം ഇതുവരെ 43 ക്യാമ്പുകൾ സംഘടിപ്പിച്ചു. 1275 പേരിൽ മന്ത് പരിശോധനയും 889 പേരിൽ മലേറിയ പരിശോധനയും നടത്തി. ഒരാൾക്ക് മാത്രമാണ് മന്ത് കണ്ടെത്തിയത്. ഈ കാലയളവിലും മലേറിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
‘മിസ്റ്റ്’ രാത്രികാല പരിശോധനാ പദ്ധതി:
മലേറിയയും മന്തും ഫീൽഡിൽ നേരിട്ട് കണ്ടെത്തുന്നതിനായി ജില്ലാ ആരോഗ്യ വകുപ്പ് ‘മിസ്റ്റ്’ (MIST) എന്ന പേരിൽ ഒരു രാത്രികാല പരിശോധനാ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാത്രി 8 മണി മുതൽ നടക്കുന്ന ഈ പരിശോധനാ സംഘത്തിൽ ഒരു ഡോക്ടറും രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ഉൾപ്പെടുന്നു.
പരിശോധന നടക്കുന്ന ഗ്രാമപഞ്ചായത്തിലെ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ ആവശ്യമായ സഹായങ്ങൾ ഒരുക്കും. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളും അവരുടെ തൊഴിലിടങ്ങളും കേന്ദ്രീകരിച്ചാണ് മിസ്റ്റ് പരിശോധന കൂടുതലായി നടക്കുന്നത്. സ്പോട്ടിൽ മലേറിയ പരിശോധിക്കാൻ കഴിയുന്ന റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റ് (RDT) കിറ്റുകളുമായാണ് സംഘം പോകുന്നത്.
ഓരോ ഗ്രാമപഞ്ചായത്തിലും ഒന്നിടവിട്ട മാസങ്ങളിലാണ് രാത്രികാല പരിശോധന നടത്തുന്നത്. അതിഥി തൊഴിലാളികൾ കൂടുതലുള്ള ഗ്രാമപഞ്ചായത്തുകളിൽ എല്ലാ മാസവും പരിശോധന ഉറപ്പാക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും ഈ സംരംഭങ്ങൾ സഹായകമാകുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.





Leave a Reply