സാന്ത്വനത്തിന്റെ സ്നേഹസ്പർശം: സഹപാഠി സംഗമം വേറിട്ട മാതൃകയായി
വാഴവറ്റ: മാനസിക വെല്ലുവിളികൾ നേരിടുന്നവരെ പുനരധിവസിപ്പിച്ച് പരിചരിക്കുന്ന അഗതിമന്ദിരത്തിൽ സഹായമെത്തിച്ചും അവരോടൊപ്പം സമയം ചെലവഴിച്ചും വേറിട്ട ഒത്തുചേരൽ സംഘടിപ്പിച്ച് സഹപാഠികൾ. മേപ്പാടി ഗവൺമെന്റ് ഹൈസ്‌കൂളിലെ 1986-87 ബാച്ചിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ ‘ഓർമ്മച്ചെപ്പ്’ ആണ് “വിജയമംഗളം” എന്ന പേരിൽ വാഴവറ്റ ജ്യോതി നിവാസ് അഗതിമന്ദിരത്തിൽ മാതൃകാപരമായ സംഗമം സംഘടിപ്പിച്ചത്.
സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ സഹജീവികളെ ചേർത്തുപിടിച്ചുകൊണ്ടുള്ള ഈ സംഗമം അഭിനന്ദനാർഹമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അഭിപ്രായപ്പെട്ടു. കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ എം.എൽ.എ മൊമന്റോ നൽകി ആദരിച്ചു.
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിലൂടെ സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസ നേടിയ പോലീസ് ഓഫീസർ ജബലുറഹ്മാൻ, ജ്യോതി നിവാസ് ഡയറക്ടർ ജോണി സാർ, കലാകാരനും എഴുത്തുകാരനുമായ റഷീദ് മാസ്റ്റർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ഓർമ്മച്ചെപ്പ് കൂട്ടായ്മ പ്രസിഡന്റ് ബെന്നി വി.എസ്. അധ്യക്ഷത വഹിച്ച യോഗത്തിൽ മുട്ടിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമ, പി.ജി. സജീവ്, ഭാരവാഹികളായ ടി.കെ. നാസർ, പ്രസാദ് കെ.കെ., സാഹിറാബാനു, പുഷ്പ, വി. റഷീദ്, വിജയ, കെ. അഷ്റഫ്, എ.എം. നാസർ എന്നിവർ സംസാരിച്ചു. ജ്യോതി നിവാസിനെ പ്രതിനിധീകരിച്ച് ജോണി പള്ളിത്താഴത്ത്, അഡ്വ. മരിയ ലൂയിസ്, നിഖിൽ എന്നിവരും പ്രസംഗിച്ചു.
ഷാജി ഈങ്ങാപ്പുഴ, മുസ്തഫ മഞ്ചേരി, ഡോറിൻ ഡി. അൽമേഡ, ആന്റണി, സുരേന്ദ്രൻ, ലില്ലി, പ്രസന്ന, ഉഷ, സക്കീന, നിവേദിത തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ജ്യോതി നിവാസ് അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിച്ചും അവർക്ക് സമ്മാനങ്ങൾ നൽകിയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചുമാണ് സഹപാഠികൾ മടങ്ങിയത്. ഈ സ്നേഹസംഗമം മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒന്നായി മാറി.





Leave a Reply