കടം ചോദിച്ചതിന് ആക്രമണം: രണ്ട് സ്ഥിരം കുറ്റവാളികൾ മാനന്തവാടിയിൽ പിടിയിൽ
മാനന്തവാടി: സാധനം കടം നൽകിയതിന്റെ പണം തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിൽ കടയിൽ കയറി ആക്രമണം നടത്തിയ രണ്ട് പേരെ മാനന്തവാടി പോലീസ് പിടികൂടി. വരടിമൂല വേമം ഹാഫിയത്ത് മൻസിലിൽ ആർ. ഷിജാദ് (35), പാണ്ടിക്കടവ് കൊടിലൻ വീട്ടിൽ കെ. സുനീർ (36) എന്നിവരാണ് പിടിയിലായത്. ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച (2025 ജൂലൈ 17) വൈകുന്നേരത്തോടെയാണ് സംഭവം. പ്രതികൾ മാനന്തവാടിയിലുള്ള ലാലാ മിനി സൂപ്പർ മാർക്കറ്റിൽ അതിക്രമിച്ചു കയറി സ്ഥാപന ഉടമയെ ക്രൂരമായി മർദിക്കുകയായിരുന്നു. കടം കൊടുത്ത പണം തിരികെ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം. കൈകൊണ്ടും വടികൊണ്ടും മർദിച്ചതിന് പുറമെ കടയിലെ സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് കടയിലെത്തിയ പരാതിക്കാരന്റെ സഹോദരിയെ, പരാതി നൽകിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിടിയിലായ സുനീർ മോഷണം, പിടിച്ചുപറി, അടിപിടി, സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. ഷിജാദ് 2020-ൽ തിരുനെല്ലിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും മാനന്തവാടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസിലും പ്രതിയാണ്.
മാനന്തവാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തിൽ എസ്.ഐ എം.സി. പവനൻ, എ.എസ്.ഐ അജേഷ്‌കുമാർ, എസ്.സി.പി.ഒ മനു അഗസ്റ്റിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.





Leave a Reply