തദ്ദേശ തിരഞ്ഞെടുപ്പ്: സുസ്ഥിര വികസനത്തിന് ഊന്നൽ നൽകണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്
കൽപറ്റ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി, സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്ന ജനകീയ മാനിഫെസ്റ്റോകൾ തയ്യാറാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. ഇതിനായി ഒരു സംസ്ഥാനതല പ്രചാരണത്തിന് പരിഷത്ത് തുടക്കം കുറിച്ചു.
മീനങ്ങാടി എസ്.എ. മജീദ് ഹാളിൽ നടന്ന ജില്ലാതല വികസന ശില്പശാല പരിഷത്ത് സംസ്ഥാന വികസന കൺവീനർ പി.എ. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. എല്ലാ പഞ്ചായത്തുകളിലും ശാസ്ത്രീയമായ രീതിയിൽ ജനങ്ങളുടെ അഭിപ്രായം തേടി ജനകീയ വികസന മാനിഫെസ്റ്റോകൾ തയ്യാറാക്കണമെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
മാനന്തവാടി മുനിസിപ്പാലിറ്റി, വൈത്തിരി, മുട്ടിൽ, മീനങ്ങാടി, പുൽപ്പള്ളി ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനകീയ വികസന മാനിഫെസ്റ്റോ തയ്യാറാക്കുന്നതിനുള്ള ഒരുക്കങ്ങൾ ഈ ശില്പശാലയിൽ പൂർത്തിയാക്കി. മറ്റ് പഞ്ചായത്തുകളിൽ പരിഷത്തിന്റെ നേതൃത്വത്തിൽ വികസന ജനസഭകൾ നടത്താനും തീരുമാനമായിട്ടുണ്ട്.
കൽപറ്റ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പരിഷത്ത് വികസനക്കമ്മിറ്റി ചെയർമാനുമായ സി.കെ. ശിവരാമൻ ശില്പശാലയിൽ അധ്യക്ഷനായിരുന്നു. പ്രൊഫ. കെ. ബാലഗോപാലൻ, പി. സുരേഷ് ബാബു, എം.എം. ടോമി, പി. കുഞ്ഞികൃഷ്ണൻ, ഒ.കെ. പീറ്റർ, പി.കെ. രാജപ്പൻ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. വിശാലാക്ഷി കെ. സ്വാഗതവും കെ.പി. സുനിൽകുമാർ നന്ദിയും പറഞ്ഞു.





Leave a Reply