വയനാടിന് ഉത്പാദന, വിപണന രംഗങ്ങളിൽ മികച്ച സാധ്യതകൾ: സംഷാദ് മരക്കാർ
മുട്ടിൽ: വയനാട് എന്ന പേരിന് ഉത്പാദന, വിപണന രംഗങ്ങളിൽ മികച്ച സാധ്യതകളുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ അഭിപ്രായപ്പെട്ടു. ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ മുട്ടിൽ എം.എ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപങ്ങൾക്ക് കൂടുതൽ സാധ്യതയുള്ള പ്രദേശമാണ് വയനാട്. എന്നാൽ, ഈ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. വയനാടിൻ്റെ പേരിന് വിപണിയിൽ നല്ല മൂല്യമുണ്ട്, എന്നാൽ എത്ര സംരംഭകർക്ക് ഈ മൂല്യം പ്രയോജനപ്പെടുത്താൻ കഴിയുന്നുണ്ടെന്ന് വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നല്ല കാലാവസ്ഥയും കുറഞ്ഞ മലിനീകരണ നിരക്കും വ്യവസായങ്ങൾക്ക് അനുകൂലമാണെങ്കിലും, ഈ സാധ്യതകൾ ഇപ്പോഴും പൂർണ്ണമായി ഉപയോഗപ്പെടുത്താതെ അവശേഷിക്കുകയാണ്. വയനാട് എന്ന ബ്രാൻഡ് ഉപയോഗിച്ച് കാപ്പിക്കും മഞ്ഞളിനും പൊതുവിപണിയിൽ വിജയം നേടാൻ സാധിച്ചിട്ടുണ്ട്. കാലത്തിനനുസരിച്ച് വ്യവസായ സംരംഭങ്ങളിലും വിപണന മേഖലകളിലും മാറ്റങ്ങൾ വരുത്താൻ സംരംഭകർ തയ്യാറാകണം.
യുവതലമുറ മെച്ചപ്പെട്ട അവസരങ്ങൾ തേടി വിദേശത്തേക്ക് പോകുന്ന പ്രവണത മാറണം. മനുഷ്യവിഭവശേഷി മറ്റ് രാജ്യങ്ങൾ ഉപയോഗിക്കുന്നതിന് പകരം യുവജനങ്ങളെ നാടിന് പ്രയോജനപ്പെടുത്തുന്ന അവസ്ഥയുണ്ടാകണം. ഉരുൾപൊട്ടൽ ദുരന്ത മേഖലകളിൽ നിന്ന് പോലും വിജയകരമായി ബിസിനസ് സംരംഭങ്ങൾ ആരംഭിച്ചവർ മികച്ച മാതൃകകളാണെന്നും, ആവശ്യകത തിരിച്ചറിഞ്ഞ് നിക്ഷേപകർ പ്രവർത്തിക്കണമെന്നും സംഷാദ് മരക്കാർ പറഞ്ഞു.
മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു അധ്യക്ഷയായിരുന്ന ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബി. ഗോപകുമാർ, മുട്ടിൽ ഗ്രാമപഞ്ചായത്ത് അംഗം ബി. മുഹമ്മദ് ബഷീർ, ജില്ലാ ലീഡ് ബാങ്ക് മാനേജർ ടി.എം. മുരളീധരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ പി.എസ്. കലാവതി, ഉപജില്ലാ വ്യവസായ ഓഫീസർ എൻ. അയ്യപ്പൻ എന്നിവർ സംസാരിച്ചു.





Leave a Reply