May 6, 2026

വന്യമൃഗ ശല്യം തടയുന്നതിൽ ഗുരുതരമായ വീഴ്ച: ആർജെഡി പ്രതിഷേധം

0
IMG_20250805_190354
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻബത്തേരി: വന്യജീവി ആക്രമണങ്ങൾ തടയുന്നതിലും പ്രതിരോധ വേലികൾ സ്ഥാപിക്കുന്നതിലും സുൽത്താൻബത്തേരി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസും സംഘവും പരാജയപ്പെട്ടെന്ന് ആരോപിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി) ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാനയും കടുവയുമടക്കമുള്ള വന്യജീവികൾ വ്യാപകമായി കൃഷി നശിപ്പിക്കുകയും ജനങ്ങളുടെ സാധാരണ ജീവിതത്തിന് ഭീഷണി ഉയർത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിഷേധം.

 

കഴിഞ്ഞ കുറച്ച് മാസങ്ങളായി വന്യജീവി ശല്യം രൂക്ഷമാണെന്നും, അടുത്തിടെ മൂടക്കൊല്ലി, കൂടല്ലൂർ പ്രദേശങ്ങളിൽ കാട്ടാനയും കടുവയും ഇറങ്ങിയപ്പോൾ പോലും ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ലെന്നും ആർജെഡി ആരോപിച്ചു. സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് വാങ്ങിയ വാഹനങ്ങൾ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്നുവെന്നും, ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു കാര്യങ്ങളും ചെയ്യുന്നില്ലെന്നും പാർട്ടി കുറ്റപ്പെടുത്തി.

 

സംസ്ഥാന സർക്കാർ അനുവദിച്ച ഫെൻസിങ് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിൽ എംഎൽഎ പരാജയപ്പെട്ടെന്നും ആർജെഡി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.

 

ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ ധർണ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നേമി രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അനിൽകുമാർ, കെ.എസ്. സ്കറിയ, കെ.എ. ചന്തു, എൻ.ഒ. ദേവസ്യ, രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡന്റ് പി.പി. ഷൈജൽ, സി.കെ. നൗഷാദ്, ജോസ് പനമട തുടങ്ങിയവർ സംസാരിച്ചു.

 

നിയോജകമണ്ഡലം സെക്രട്ടറി വിനോദ് കുര്യൻ സ്വാഗതവും വൈസ് പ്രസിഡന്റ് സി.എൻ. രാജൻ നന്ദിയും പറഞ്ഞു. ഒ.പി. ശങ്കരൻ, ജിനചന്ദ്രപ്രസാദ്, ജോമോൻ കുര്യാക്കോസ്, ജിൻസൺ ജെയിംസ്, കുമാരൻ ചെമ്പകപ്പറ്റ എന്നിവർ മാർച്ചിനും ധർണയ്ക്കും നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *