തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ് ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി: വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യ ബോധം വര്‍ധിപ്പിക്കുകയും അവരെ ജനായത്ത പ്രക്രിയയുടെ സക്രിയ പങ്കാളികളാക്കി മാറ്റുകയും ചെയ്യുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന് കലാലയങ്ങളില്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബുകളുടെ പഴശ്ശി രാജ കോളേജ് പുല്‍പ്പള്ളിയിലെ ഉദ്ഘാടനം ജില്ലാ തല കണ്‍വീനറും തൊണ്ടര്‍നാട് വില്ലേജ് ഓഫീസറുമായ രാജേഷ്കുമാര്‍ നിര്‍വ്വഹിച്ചു. എഴുത്തുകാരനും ജില്ലാ ജോയിന്റ് കണ്‍വീനറുമായ ഹാരിസ് നെന്മേനി മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ കെ കെ അബ്ദുല്‍ ബാരി പരിപാടിയില്‍ അധ്യക്ഷനായി. വോട്ടവകാശം എന്നത് അവകാശം മാത്രമല്ല കടമ കൂടി ആണ് എന്നും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാവുന്നതോടെ രാഷ്ട്രനിര്‍മ്മിതിയില്‍ ആണ് വിദ്യര്‍ത്ഥികള്‍ കണ്ണിചേരുന്നത് എന്നും ഉദ്ഘാടനപ്രസംഗത്തില്‍ രാജേഷ് കുമാര്‍ പറഞ്ഞു.മുന്‍കാലങ്ങളില്‍ കോളേജില്‍ സജീവസാന്നിധ്യമായിരുന്ന പൊതുഅഭിപ്രായ രൂപീകരണ വേദികള്‍ ഇപ്പോള്‍ സജീവമല്ല എന്നും പുതിയ സംഘടനാരൂപം അക്കാര്യത്തില്‍ മാറ്റം ഉണ്ടാക്കും എന്നും അധ്യക്ഷഭാഷണത്തില്‍ പ്രിന്‍സിപ്പല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു .
ജനായത്തത്തിന്റെ ഏറ്റവും വലിയ മാതൃകഎന്നനിലയില് ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയെ പ്രതീക്ഷാപൂര്‍വ്വമാണ് നോക്കുന്നത് എന്നും യുവാക്കളുടെ വലിയ സാന്നിധ്യം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീക്ഷയാണ് എന്നും മുഖ്യപ്രഭാഷകന്‍ ഹാരിസ് നെന്മേനി നിരീക്ഷിച്ചു .
പൊളിറ്റിക്സ് , ചരിത്ര വിഭാഗങ്ങളില്‍നിന്നുള്ള മനോജ് മാത്യു , റിയ ജോസ് , ജോഷി മാത്യു , കോശി പിജെ എന്നിവരും വിദ്യാര്‍ത്ഥി പ്രതിനിധി അന്സിഫ് കെ എച്ച് എന്നിവരും പരിപാടിയില്‍ സംസാരിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധമായി നടത്തിയ പ്രസംഗ മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും പരിപാടിയില്‍ സമ്മാനിച്ചു . പഴശ്ശി രാജ കോളേജിലെ ചിത്രശാല സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കോളേജിലെ ചരിത്രം , രാഷ്ട്രതന്ത്രം വിഭാഗങ്ങളിലെ 90 ഓളം തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആണ് പങ്കെടുത്തത് . നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ ഉടനെ വോട്ടവകാശം സ്വന്തമാക്കും എന്ന ഉറപ്പോടെ, കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള നിശ്ചയത്തോടെ , മധുര വിതരണം നടത്തിയാണ് രണ്ടുമണിക്കൂര്‍ ദൈര്ഘ്യമുണ്ടയിരുന്ന പരിപാടി അവസാനിച്ചത് .





Leave a Reply