ചുരത്തിന്റെ ഭരണം വയനാടിന് നൽകണം; ബദൽപാതകൾ വേഗത്തിലാക്കണം
കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സങ്ങൾ പതിവായ സാഹചര്യത്തിൽ, ചുരത്തിൻ്റെ ഭരണനിർവഹണ ചുമതല വയനാട് ജില്ലയ്ക്ക് കൈമാറണമെന്ന് കോൺഗ്രസ് നേതാവ് ഗോകുൽദാസ് കോട്ടയിൽ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയുടെ ഭാഗമായതിനാൽ അടിയന്തര സാഹചര്യങ്ങളിൽ വേണ്ടത്ര ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒൻപതാം വളവിന് സമീപം മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം പൂർണമായും നിലച്ചത് യാത്രക്കാരെ, പ്രത്യേകിച്ച് വിദ്യാർത്ഥികളെ വലിയ ദുരിതത്തിലാക്കി. ഈ സാഹചര്യത്തിൽ മരുതിലാവ്-ചിപ്പിലിത്തോട്, പടിഞ്ഞാറത്തറ-പൂഴിത്തോട് തുടങ്ങിയ ബദൽപാതകൾ എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഭാരവാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും, ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ അടിയന്തര സർവകക്ഷിയോഗം വിളിക്കണമെന്നും ഗോകുൽദാസ് കോട്ടയിൽ പറഞ്ഞു. ഗതാഗത തടസ്സം കാരണം മതിയായ യാത്രാചിലവ് പോലുമില്ലാതെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





Leave a Reply