മോഷ്ടിച്ച സ്വർണം വിറ്റ് വീതംവെപ്പ്; വയനാട്ടിലെ മാല കവർച്ചാസംഘത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
സൂര്യഗായത്രി
കൽപ്പറ്റ: ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി വിലസിയ മാല കവര്‍ച്ചാസംഘത്തിലെ ഏഴ് പേരെയാണ് വയനാട് പോലീസ് ഇതുവരെ പിടികൂടിയത്. പല പേരുകളിൽ വിവിധ സ്ഥലങ്ങളിൽ ചുറ്റികറങ്ങി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. മോഷണത്തിലൂടെ ലഭിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്തി വീതം വെച്ച് എടുക്കും. കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായവർ.
മോഷണ കേസിൽ നേരത്തെ മധുരൈ സ്വദേശികളായ അളകനല്ലൂര്‍, ഈശ്വരി (47), അളകനല്ലൂര്‍, കണ്ണകി എന്ന അര്‍ച്ചന എന്ന രമ്യ(30), തമിഴ്‌നാട്, ഗണപതി കോവില്‍ തെരുവില്‍ ഇന്ദുമതി(49), ഗണപതിപക്കം സ്വദേശികളായ ജാന്‍വി(34), സുധ(31) എന്നിവരെ പേലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട് സ്വദേശികളായ മധുരൈ, ചിന്താമണി, എം. രവി.(48), ശിവഗംഗ, മടപുര, എം. മാരിമുത്തു എന്ന പാണ്ഡ്യന്‍(39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് ഇന്ന് പിടികൂടുകയായിരുന്നു.
ഓഗസ്റ്റ് 17-ന് ഉച്ചയോടെയാണ് അമ്മായിപ്പാലത്ത് നിന്നും ബത്തേരിയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്ത നെന്മേനി സ്വദേശിയുടെ മൂന്ന് പവന്റെ മാലയും ഒരു ഗ്രാം താലിയും അടങ്ങിയ ഏകദേശം 3,82,000 വിലവരുന്ന ആഭരണം വലിച്ച് പൊട്ടിച്ച് കവര്‍ന്നത്. ബത്തേരി ഗാന്ധി ജംഗ്ഷനില്‍ എത്തിയപ്പോള്‍ വയോധിക മോഷണം നടന്നത് അറിയുകയും, വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യമായി അന്വേഷണം നടത്തുകയും ചെയ്തു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മധുരൈ സ്വദേശികളായ അളകനല്ലൂര്‍, ഈശ്വരി (47), അളകനല്ലൂര്‍, കണ്ണകി എന്ന അര്‍ച്ചന എന്ന രമ്യ(30), എന്നിവരെ മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് വെച്ച് പിടികൂടുകയും ചെയ്തു. മീനങ്ങാടിയിലെ ഫാന്‍സി കടയില്‍ നിന്നും കോസ്മറ്റിക് ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ചതും ഇവര്‍ തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രായമായവരെ പിന്തുടർന്ന് അവരറിയാതെ കവർച്ച നടത്തിയ ശേഷം ഓട്ടോ റിക്ഷകളിൽ പലയിടങ്ങളിൽ മാറി മാറി സഞ്ചരിച്ചും പലയിടങ്ങളിൽ താമസിച്ചും കുറ്റ കൃത്യങ്ങൾ തുടരുകയായിരുന്നു.
പരസ്പരവിരുദ്ധമായി സംസാരിച്ചും പൂര്‍ണമായി വിവരം വെളിപ്പെടുത്താതെയും ഇവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കിലും പോലീസിന്റെ കൃത്യവും ശാസ്ത്രീയവുമായ അന്വേഷണം കൂട്ടുപ്രതികളായ ഈശ്വരിയുടെ ഭര്‍ത്താവായ രവിയിലേക്കും, രമ്യയുടെ ഭര്‍ത്താവായ മാരിമുത്തിലേക്കുമെത്തുകയായിരുന്നു. ഈ അന്വേഷണമാണ് കൂടുതൽ പ്രതികളിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്. ഈശ്വരിക്ക് പാനൂര്‍, വാടാനപ്പിള്ളി, അടൂര്‍ എന്നീ പോലീസ് സ്‌റ്റേഷനുകളിലും, രമ്യക്ക് തൃശൂര്‍ വെസ്റ്റ്, കൊയിലാണ്ടി എന്നീ പോലീസ് സ്‌റ്റേഷനുകളിലും മോഷണ കേസുകളുണ്ട്. കൂടാതെ മറ്റു പേരുകളിലും ഇവർ അറിയപ്പെടുന്നുണ്ട്.
പുല്‍പ്പള്ളി അമരക്കുനി സ്വദേശിനിയായ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ ചൊവ്വാഴ്ച പോലീസ് പിടികൂടിയിരുന്നു. തമിഴ്‌നാട്, ഗണപതി കോവില്‍ തെരുവില്‍ ഇന്ദുമതി(49), ഗണപതിപക്കം സ്വദേശികളായ ജാന്‍വി(34), സുധ(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വയോധിക ബസില്‍ പുല്‍പ്പള്ളിയില്‍ നിന്ന് മാനന്തവാടി പോകുന്നതിനിടെ തട്ടിപ്പ്‌സംഘത്തിലെ ഒരാള്‍ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിക്കുകയും ബസ് ഇറങ്ങി നടക്കുന്നതിനിടെ സഹായിക്കാമെന്ന് പറഞ്ഞ് കൂടെ കൂടിയ സംഘം മാല കവരാന്‍ ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ പോലീസിന്റെ കൃത്യമായ അന്വേഷണത്തിനൊടുവില്‍ പീച്ചങ്കോട് വെച്ച് മൂന്ന് സ്ത്രീകളെ പിടികൂടുകയായിരുന്നു. ഇവരും മുൻപ് വിവിധ മോഷണക്കേസുകളിൽപ്പെട്ടവരാണ്.
ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനൊടുവിലാണ് തട്ടിപ്പ് സംഘം വലയിലായത്. പ്രത്യേക അന്വേഷണ സംഘമായ SAGOC, DANSAF കൂടാതെ മാനന്തവാടി എ.എസ്.പി കാര്‍ത്തിക് ബാലകുമാർ ഐ.പി.എസ്, ഡിവൈ.എസ്.പി മാരായ എം.എം അബ്ദുള്‍ കരീം, ടി.എ അഗസ്റ്റിന്‍, തുടങ്ങിയവരുടെ കീഴില്‍ പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലുടനീളം ബസുകളും, ഓട്ടോറിക്ഷകളും, ലോഡ്ജുകളും, ബസ് സ്റ്റാന്റുകളും മറ്റും കേന്ദ്ര്വീകരിച്ച് പരിശോധന ശക്തമാക്കിയിരുന്നു.





Leave a Reply