പശ്ചിമഘട്ടത്തിൽ പുതിയൊരു കിഴങ്ങിനം കണ്ടെത്തി: ‘ഡയോസ്കോറിയ ബാലകൃഷ്ണനി’
കൽപ്പറ്റ : പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തിന് പുതിയൊരു മുതൽക്കൂട്ട്. വയനാടൻ കാടുകളിൽനിന്ന് ഗവേഷകർ പുതിയൊരു തദ്ദേശീയ കിഴങ്ങിനം കണ്ടെത്തി. പ്രശസ്ത ജൈവവൈവിധ്യ ഗവേഷകനും, സസ്യശാസ്ത്രജ്ഞനുമായ ഡോ. വി. ബാലകൃഷ്ണനോടുള്ള ആദരസൂചകമായി ഈ പുതിയ ഇനത്തിന് ‘ഡയോസ്കോറിയ ബാലകൃഷ്ണനി’ (Dioscorea balakrishnanii) എന്ന് പേര് നൽകി.
വയനാട്ടിലെ നിത്യഹരിത ചോലവനങ്ങളോട് ചേർന്ന് കാണുന്ന ഈ കിഴങ്ങിനെ പ്രാദേശികമായി ‘ചോല കിഴങ്ങ്’ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ശാസ്ത്രലോകം ഇതുവരെ ഈ ഇനത്തെ തിരിച്ചറിഞ്ഞിരുന്നില്ല. സാധാരണയായി കൃഷിചെയ്യുന്ന കാച്ചിൽ അഥവാ കാവത്ത് എന്നിവയുടെ വന്യബന്ധുക്കളാണ് ഈ കിഴങ്ങുകൾ.
ഈ കണ്ടെത്തലിന് പിന്നിൽ വയനാട് എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പിച്ചൻ എം. സലിം, ആലപ്പുഴ സനാതനധർമ്മ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജോസ് മാത്യു, കേരള കാർഷിക സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം.എം. സഫീർ എന്നിവരാണ്. കഴിഞ്ഞ പത്തുവർഷമായി ഇവർ ഈ സസ്യത്തെ നിരീക്ഷിച്ച് ഇതിന്റെ ആൺ-പെൺ ഇനങ്ങളിലെ പൂക്കളുടെ വ്യത്യാസങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തിയാണ് ഇത് ഒരു പുതിയ ഇനമാണെന്ന് സ്ഥിരീകരിച്ചത്. ഇവരുടെ പഠന റിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘സ്പീഷീസ് (Species)’ ന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വയനാടിന്റെ കിഴങ്ങ് വൈവിധ്യം
ഡയോസ്കോറിയേസി (Dioscoreaceae) എന്ന സസ്യകുടുംബത്തിൽപ്പെട്ടതാണ് ഈ പുതിയ കിഴങ്ങും. വയനാട്ടിൽ മാത്രം ഈ കുടുംബത്തിലെ 14-ൽ അധികം ഇനങ്ങളിലായി ഏകദേശം 23 വ്യത്യസ്ത കിഴങ്ങുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കാട്ടുകാച്ചിലിനു പുറമെ കാട്ടുചേനകളും കാട്ടുചെമ്പിലെ ഇനങ്ങളും ഉൾപ്പെടുന്നു. മഞ്ഞനൂറ, നാര, നെയ്യ് നൂറ, വെള്ള നൂറ, നോക്കപ്പ, നാരക്കവല, വെണ്ണി, കവലക്കിഴങ്ങ്, ഹെക്ക് എന്നിവയെല്ലാം പ്രാദേശികമായി അറിയപ്പെടുന്ന ചില കിഴങ്ങുകളാണ്.
ഈ കിഴങ്ങുകൾ പല ആദിവാസി സമൂഹങ്ങളുടെയും പ്രധാന ഭക്ഷണ സ്രോതസ്സാണ്. ഇവയിൽ ചിലത് വിഷമുള്ളവയും, ചിലത് ഔഷധഗുണമുള്ളവയും, മറ്റു ചിലത് ഭക്ഷ്യയോഗ്യവുമാണ്. ഓരോ കിഴങ്ങിനും അതിന്റെ രൂപം, നീളം, നിറം, ഇല, മുള്ളുകൾ, വള്ളികൾ, രുചി, നാരുകൾ എന്നിവയുടെ പ്രത്യേകതകൾക്കനുസരിച്ച് തനതായ പേരുകളുണ്ട്.
ഈ കണ്ടെത്തൽ പ്രാദേശിക ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണെന്ന് ഡോ. ജോസ് മാത്യു അഭിപ്രായപ്പെട്ടു. ഇത് ഭക്ഷ്യസുരക്ഷ, കാർഷിക വികസനം, ഔഷധമേഖല എന്നിവയ്ക്ക് വലിയ സാധ്യതകളാണ് തുറന്നുതരുന്നത്. കൂടാതെ, വയനാടൻ ജൈവവൈവിധ്യം ഇനിയും പൂർണമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നതിന്റെ സൂചനകൂടിയാണ് ഈ കണ്ടെത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





Leave a Reply