മാനന്തവാടി-കുട്ട റോഡിലെ നായ്ക്കട്ടി പാലം: അപകട ഭീഷണിയിൽ, പുനർനിർമ്മിക്കണമെന്ന് ആവശ്യം
മാനന്തവാടി: അന്തർസംസ്ഥാന പാതയായ മാനന്തവാടി-കുട്ട റോഡിൽ സ്ഥിതി ചെയ്യുന്ന നായ്ക്കട്ടി പാലം തകർന്ന് അപകടാവസ്ഥയിലായതിനാൽ എത്രയും വേഗം പുനർനിർമ്മിക്കണമെന്ന് ഹ്യൂമൺ റൈറ്റ്സ് & കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ (HRCPC) ആവശ്യപ്പെട്ടു.
തെറ്റ് റോഡിന് സമീപമുള്ള നിബിഢവനത്തിനുള്ളിലെ ഈ പാലം വളരെ ഇടുങ്ങിയതും തൂണുകൾ ഇളകിയ നിലയിലുമാണ്. പൊതുമരാമത്ത് വകുപ്പ് അപകട സൂചന നൽകുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഇത് പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് മതിയായ സുരക്ഷ നൽകുന്നില്ല. കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ രണ്ട് കാറുകൾ പാലത്തിൽ നിന്ന് പുഴയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
പ്രധാനമായും മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് പോകുന്ന ദീർഘദൂര ബസ്സുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഈ വഴി കടന്നുപോകുന്നത്. ബാവലി റോഡിൽ രാത്രിയാത്രാ നിരോധനം ഉള്ളതിനാൽ ഈ റൂട്ടിലുള്ള തിരക്ക് വർധിച്ചിട്ടുണ്ട്. പാലത്തിൽ നിന്ന് 20-ൽ അധികം വാഹനങ്ങൾ പുഴയിലേക്ക് മറിഞ്ഞ് അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും HRCPC ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഒരു അപകടം സംഭവിച്ചാൽപ്പോലും പുറംലോകം അറിയാൻ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലമാണിത്.
ഒരുകൊല്ലം മുൻപ് പാലം പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് HRCPC മാനന്തവാടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, പൊതുമരാമത്ത് വകുപ്പ് പാലം എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്ക് പരാതി നൽകിയിരുന്നു. അന്ന് സമയബന്ധിതമായി പാലം പുനർനിർമ്മിക്കാമെന്ന് ജഡ്ജിയുടെ സാന്നിധ്യത്തിൽ ഉറപ്പ് ലഭിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
യുദ്ധകാലാടിസ്ഥാനത്തിൽ പാലം പുനർനിർമ്മിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്നും, പാലത്തിന് സുരക്ഷാ കൈവരികൾ സ്ഥാപിക്കണമെന്നും HRCPC ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകാനും കൗൺസിൽ തീരുമാനിച്ചു.
വാർത്താസമ്മേളനത്തിൽ HRCPC സംസ്ഥാന ചെയർമാൻ പി.ജെ. ജോൺ മാസ്റ്റർ, സ്വപ്ന ആന്റണി, കുര്യൻ എൻ.കെ, ഗോവിന്ദ് രാജ്, പി.ജെ. മാത്യു, രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.





Leave a Reply