മിഷൻ വാത്സല്യ ’ ജീവനക്കാർക്ക് വേതനവും കുടിശ്ശികയും നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ : വനിതാ ശിശുവികസന വകുപ്പിന് കീഴിൽ മിഷൻ വാത്സല്യ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ജീവനക്കാർക്ക് അർഹമായ വേതനവും വേതന കുടിശ്ശികയും അനുവദിക്കുന്നതിനുള്ള ഫണ്ട് ഒരു മാസത്തിനകം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ജീവനക്കാർക്ക് ഇ.പി.എഫ്, ഇ.എസ്.ഐ. ആനുകൂല്യങ്ങൾ നൽകുന്നതു സംബന്ധിച്ചും തീരുമാനമെടുക്കണം. കരാർ ഏകീകരിക്കാനും കരാർ പുതുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനും നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്നുവെന്ന പരാതിയിലാണ് ഉത്തരവ്. കുടിശ്ശിക നൽകുന്നതിനുള്ള പ്രൊപ്പോസൽ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് വനിതാ-ശിശുവികസന ഡയറക്ടർ കമ്മീഷനെ അറിയിച്ചു. സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് കുടിശ്ശിക അനുവദിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജീവനക്കാർക്ക് ഇ.പി.എഫ്., ഇ.എസ്.ഐ., എന്നിവ അനുവദിക്കാൻ തീരുമാനമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എം. വി. അരുൺ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.





Leave a Reply