പോലീസ് സ്മൃതി ദിനാചരണം; വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കൽപ്പറ്റ: പോലീസ് സ്മൃതി ദിനം, പോലീസ് പതാക ദിനം എന്നിവയോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ‘സംരക്ഷ-2026’ എന്ന പേരിൽ കൽപ്പറ്റ, മാനന്തവാടി സബ് ഡിവിഷനുകളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കൽപ്പറ്റയിൽ ലിയോ ഹോസ്പിറ്റലുമായി സഹകരിച്ച് ലിയോ കോൺഫറൻസ് ഹാളിൽ നടത്തിയ ക്യാമ്പ് കൽപ്പറ്റ ഡിവൈ.എസ്.പി ടി.എ. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ഐ.പി.എസ്.എച്ച്.ഒ എ.യു. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ലിയോ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ടി.പി.വി. സുരേന്ദ്രൻ രക്തദാന ബോധവത്കരണ ക്ലാസെടുത്തു.
സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എൻ.ഒ. സിബി, കമ്പളക്കാട് സി.ഐ എ. അനിൽകുമാർ, ഡോ. ടി.പി.വി. രവീന്ദ്രൻ, സൈബർ സ്റ്റേഷൻ എസ്.ഐ എ.വി. ജലീൽ, എ.എസ്.ഐ ജെയ്സൻ, അഞ്ചു ബേബി, സജിത ഷാജി, ഹിബ റഹ്മ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ 80-ഓളം പേർ പങ്കെടുത്തു.

മാനന്തവാടി സബ് ഡിവിഷനിൽ മാനന്തവാടി മെഡിക്കൽ കോളജിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് എസ്.എം.എസ് ഡിവൈ.എസ്.പി ഷജു ജോസഫ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി പൊലീസ് സ്റ്റേഷൻ എസ്.ഐ. ആർ. ആനന്ദ് അധ്യക്ഷത വഹിച്ചു. ഡോ. ഫെസിൻ, ഡോ. കെ.സി. സാജിത, കൗൺസിലർ സിബി മാത്യു എന്നിവർ സംസാരിച്ചു. മാനന്തവാടി എ.എസ്.ഐ. കെ.ജെ. ഷെമ്മി സ്വാഗതവും എസ്.ഐ സുനിൽ കുമാർ നന്ദിയും പറഞ്ഞു.
വയനാട് ജില്ലാ മെഡിക്കൽ കോളേജ് ആശുപത്രി മാനന്തവാടി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ 50 ഓളം ആളുകൾ പങ്കെടുത്തു.15 പേർ രക്തധാനം നടത്തി. ബ്ലഡ് ബാങ്ക് റിക്വസ്റ്റ് പ്രകാരം കൂടുതൽ ആവശ്യവും, കിട്ടാൻ ബുദ്ധിമുട്ടുമുള്ള എ പോസിറ്റീവ് രക്തമാണ് കൂടുതലായി എടുത്തത്.




Leave a Reply