നീതി ആയോഗുമായി വയനാടിന്റെ വികസന വിഷയങ്ങൾ ചർച്ച ചെയ്ത് എംഎൽഎ
വൈത്തിരി: വയനാടിന്റെ ഗതാഗതപ്രശ്നങ്ങളും ഗോത്രമേഖലയിലെ വിഷയങ്ങളും സംബന്ധിച്ച് നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ കെ. ബെറിയുമായി ചർച്ച നടത്തിയതായി അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ. അറിയിച്ചു. ചർച്ചയിൽ അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും, തുടർചർച്ചകൾ നടത്താമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും എംഎൽഎ വ്യക്തമാക്കി.
അടുത്തിടെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വയനാട് നേരിടുന്ന പ്രതിസന്ധി, ചുരം റോഡ്, ചുരം ബൈപ്പാസ്, പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് എന്നിവയെക്കുറിച്ച് എംഎൽഎ വിശദമായി സംസാരിച്ചു.
കൂടാതെ, ജില്ലയിലെ ഗോത്രസമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നീതി ആയോഗിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചേർന്ന് ഒരു മിഷൻ രൂപീകരിക്കണമെന്നതാണ് ഇതിൽ പ്രധാന ആവശ്യം. മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കൽ, മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ (MRS) മാതൃകയിൽ ഹയർസെക്കൻഡറി സ്കൂളുകളും കോളേജുകളും തുടങ്ങുക, പോഷകാഹാരക്കുറവും കുറഞ്ഞ ആയുർദൈർഘ്യവും പോലുള്ള വിഷയങ്ങളിൽ ഇടപെടൽ നടത്തുക തുടങ്ങിയ ആവശ്യങ്ങളും എംഎൽഎ മുന്നോട്ടുവെച്ചു. ഈ വിഷയങ്ങളിൽ നീതി ആയോഗ് വൈസ് ചെയർമാൻ അനുകൂല നിലപാട് സ്വീകരിച്ചതായും എംഎൽഎ കൂട്ടിച്ചേർത്തു.




Leave a Reply