ദുരിതങ്ങൾക്ക് നടുവിൽ പരക്കുനി ഊര്
മാനന്തവാടി:വാസയോഗ്യമായ വീടുകളും ശുചിമുറിയും വഴിയും വെളിച്ചവുമില്ലാതെ ദുരിതങ്ങൾക്ക് നടുവിൽ പഞ്ചായത്തിലെ പരക്കുനി ഊര് നിവാസികൾ. വർഷങ്ങളായി പല ഭവന പദ്ധതികളിലും അപേക്ഷ നൽകിയെങ്കിലും തങ്ങളെ അവഗണിക്കുകയാണെന്ന് ഊരു നിവാസികൾ ഒറ്റക്കെട്ടായി പറയുന്നു. നിലവിൽ പലയിടങ്ങളിലായുള്ള പരക്കുനി ഊരിലെ നാൽപതിലേറെ കുടുംബങ്ങളാണ് പ്ലാസ്റ്റിക് ഷീറ്റുകൾ മേഞ്ഞ ഷെഡിലും ജീർണാവസ്ഥയിലായ വീടുകളിലും കഴിയുന്നത്. മാത്രമല്ല പ്രാഥമിക ആവശ്യങ്ങൾക്കായി ഊരിലെ വെള്ളൻ അടക്കമുള്ള ചില കുടുംബങ്ങൾ ആശ്രയിക്കുന്നത് സമീപത്ത് പ്രവർത്തനം നിർത്തി പോയ ആൾട്ടർനേറ്റീവ് സ്കൂളിന്റെ ശുചിമുറിയാണ്. ബാക്കിയുള്ളവർക്ക് പുഴയോരങ്ങളെയും മറ്റും ആശ്രയിക്കേണ്ട ഗതികേടിലാണ്. ജില്ലയെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച മന്ത്രിയുടെ മണ്ഡലത്തിലാണ് എന്നതിന് പുറമേ 4 വർഷത്തോളം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആളുടെ വാർഡിലാണ് ഈ ദുരിതാവസ്ഥ. മഴക്കാലത്ത് വലിയ പുഴ കരകവിഞ്ഞ് വെള്ളത്തിനടിയിലാകുന്ന പണിയ അടിയ വിഭാഗങ്ങൾ വസിക്കുന്ന ഈ ഊരിൽ കഴിഞ്ഞ 10 വർഷത്തിനിടെ 5 ൽ താഴെ വീടുകൾ മാത്രമാണ് നിർമിച്ചിട്ടുള്ളത്. നിർമാണം ആരംഭിച്ചതിൽ ചിലത് പൂർത്തിയാക്കിയിട്ടുമില്ല. ഒരു കൂരയിൽ തന്നെ പല കുടുംബങ്ങൾ കഴിയുന്നതിനാൽ ഒരാൾക്ക് പനി വന്നാൽ പോലും എല്ലാവർക്കും പകരുന്ന അവസ്ഥയാണ്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം മോഹന വാഗ്ദാനങ്ങളുമായി എത്തുന്നവർ ഒട്ടേറെയാണെന്നും എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തങ്ങളെ ആരും തിരഞ്ഞു നോക്കുന്നില്ലെന്നും ഇനിയെങ്കിലും തങ്ങൾക്ക് വാസയോഗ്യമായ വീടുകൾ ലഭ്യമാക്കണമെന്നും പരക്കുനി ഊരിലുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഇടപെടണമെന്നും മറ്റുമാണ് ഇവരുടെ ആവശ്യം.





Leave a Reply