വയനാട്ടിൽ ജനം ഇടതു പക്ഷത്തോടൊപ്പമെന്ന് നേതാക്കൾ
കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ജനം എല്‍ഡിഎഫിനൊപ്പമെന്ന് നേതാക്കള്‍. ജില്ലാ കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍, മറ്റു നേതാക്കളായ കെ. റഫീഖ്, കെ.ജെ. ദേവസ്യ, പി.കെ. മൂര്‍ത്തി ഡി. രാജന്‍, ഷാജി ചെറിയാന്‍, എം.ടി. ഇബ്രാഹിം, പി.പി. സദാനന്ദന്‍, കെ. ലക്ഷ്മണദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചതാണ് ഈ അവകാശവാദം. ജില്ലാ പഞ്ചായത്തിലും മൂന്നു മുനിസിപ്പാലിറ്റികളിലും ഭൂരിപക്ഷം ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ സീറ്റുകളാണ് ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസ് പ്രതിനിധി പ്രസിഡന്റായത്. ഇത്തവണ 17 ഡിവിഷനുകളില്‍ ഭൂരിപക്ഷത്തിലും എല്‍ഡിഎഫ് വിജയിക്കും. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കല്‍പ്പറ്റ, മാനന്തവാടി മുനിസിപ്പാലിറ്റികള്‍ തിരിച്ചുപിടിക്കും. ബത്തേരിയില്‍ വിജയം ആവര്‍ത്തിക്കും. ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ഗ്രാമപ്പഞ്ചായത്തുകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് തേരോട്ടമാണ് ഉണ്ടാകുക. ശക്തികേന്ദ്രങ്ങളെന്നു കരുതുന്ന ഇടങ്ങളിലടക്കം യുഡിഎഫിനു തിരിച്ചടി ഉണ്ടാകും.
പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരോടുള്ള കോണ്‍ഗ്രസ് സമീപനം തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങള്‍ക്കിടിയില്‍ വലിയ ചര്‍ച്ചയാണ്. ദുരന്തബാധിതര്‍ക്കായി രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ കെ.സി. വേണുഗോപാലോ എംപി ഫണ്ടില്‍നിന്നു ഒരു രൂപ പോലും നല്‍കിയില്ല. ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പ്രഖ്യാപിച്ച ഭവന പദ്ധതി ജലരേഖയായി. പദ്ധതി നടത്തിപ്പിനു ആവശ്യമായ ഭൂമി വാങ്ങാന്‍പോലും കഴിഞ്ഞില്ല. ഭവന പദ്ധതിക്ക് പണം പിരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കാണാനില്ല. യാഥാര്‍ഥ്യം ഇതായിട്ടും ഭവന പദ്ധതിക്ക് സ്ഥലം കണ്ടെത്തിയെന്ന പച്ചക്കള്ളം തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ തട്ടിവിടുകയാണ്. പരിഹാസത്തോടെയാണ് ജനം ഇത് കേള്‍ക്കുന്നത്. കഴിഞ്ഞ ഒമ്പതര വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ ജില്ലയിലുണ്ടായ വികസനവും ചുരല്‍ ബദല്‍ റോഡ് പദ്ധതികളും ഉരുള്‍ ദുരന്തബാധിതര്‍ക്കുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളും പട്ടയമേളകളും ജനങ്ങളില്‍ വലിയ വിഭാഗത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇത് തദ്ദേശ തെരഞ്ഞെടുപ്പുഫലത്തില്‍ പ്രതിഫലിക്കും. തിരുനെല്ലി പഞ്ചാത്തിലെ ഒരു വാര്‍ഡില്‍ സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ ഭിന്നത തെരഞ്ഞെടുപ്പിനുശേഷം രണ്ട് പാര്‍ട്ടികളുടെയും നേതൃത്വം ഇടപെട്ട് പരിഹരിക്കും. ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റിക്ക് നല്‍കിയ വായ്പ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും തിരികെ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണ്. പ്രോജക്ടുകള്‍ ലാഭത്തില്‍ നടത്താന്‍ കഴിയാത്തതാണ് ബ്രഹ്മഗിരിയെ പ്രതിസന്ധിയിലാക്കിയത്. സൊസൈറ്റിക്കു വായ്പ നല്‍കിയവരുടെ പ്രയാസങ്ങള്‍ പരിഹരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.





Leave a Reply