ഓണം വാരാഘോഷം: വർണ്ണാഭമായി വിളംബര ജാഥ
കൽപ്പറ്റ: വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഓഗസ്റ്റ് 30 വരെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണംവാരാഘോഷം വിളംബര ജാഥ വർണ്ണാഭമായി. കൽപ്പറ്റ നഗരസഭാ പരിസരത്ത് നിന്നാരംഭിച്ച വിളംബര ജാഥ പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് അവസാനിച്ചത്. മാവേലി, പപുലികളി, കൈക്കൊട്ടി കളി, അമ്മൻക്കുടം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നടന്ന വിളംബര ജാഥയിൽ രണ്ടായിരത്തിലധികം ആളുകൾ അണിനിരന്നു.
ഘോഷയാത്രയിൽ മന്ത്രി ടി സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, വൈസ് പ്രസിഡന്റ് ജിൻസി സണ്ണി, ജനപ്രതിനിധികൾ, സംഘാടക സമിതി ഭാരവാഹികൾ, ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന, കലാ-സാമൂഹിക-സാംസ്‌കാരിക മേഖലയിലെ പ്രമുഖർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കാളികളായി.
ഓണം വാരാഘോഷത്തോടനുബന്ധിച്ച് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തദ്ദേശ സ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ മൂപ്പൈനാട്, പൊഴുതന, കോട്ടത്തറ ഗ്രാമപഞ്ചായത്തുകൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് മന്ത്രി ട്രോഫി വിതരണം ചെയ്തു. കുടുംബശ്രീ പ്രവർത്തകരുടെ മെഗാ തിരുവാതിര, വടംവലിയും നടന്നു.





Leave a Reply