ഓണം ജില്ലയുടെ അതിജീവനത്തിന്റെ ഉത്സവം: മന്ത്രി ടി സിദ്ദീഖ്
കൽപ്പറ്റ: ജില്ലയുടെ അതിജീവനത്തിന്റെ ഉത്സവമാണ് ഓണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ്. സര്‍വതല സ്പര്‍ശിയായി എല്ലാം മേഖലകളെയും ബന്ധിപ്പിച്ചുള്ള ഓണാഘോഷ പരിപാടികള്‍ക്കാണ് ജില്ല നേതൃത്വം നല്‍കുന്നത്. ഓണം, ശബരിമല തുടങ്ങിയ ഉത്സവകാലത്തെ പൊതു വിപണികളിലെ വില വര്‍ദ്ധനവ് ശക്തമായി നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സിവില്‍ സ്പ്ലൈസ് മുഖേന വിപുലമായ ഇടപെടലാണ് നടത്തുന്നത്. സംസ്ഥാനത്ത് സിവില്‍ സ്പ്ലൈസ് കോര്‍പറേഷനിലൂടെ മുന്നൂറ് കോടിയുടെ വിറ്റുവരവ് നടന്നതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച രണ്ടായിരം ചന്തകളിലൂടെ 30 ശതമാനം വിലക്കുറവില്‍ അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നുണ്ട്. കര്‍ഷകരില്‍ നിന്നും പച്ചക്കറി സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കി. സംസ്ഥാനത്തെ നെല്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള സമ്പൂര്‍ണ്ണ തുകയും ഓഗസ്റ്റ് 31 നകം വിതരണം ചെയ്യും. പ്രയാസമില്ലാതെ ഏല്ലാവര്‍ക്കും ഓണം ആഘോഷിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി അറിയിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയോട് ചേര്‍ന്ന് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 45 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മ്മാണത്തിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതായി മന്ത്രി അറിയിച്ചു. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും.

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, ചൂരല്‍മല, ടൗണ്‍ഷിപ്പ് മേഖലകളിലെ കിടപ്പു രോഗികള്‍ക്ക് അക്ഷയപാത്ര ഫൗണ്ടേഷന്‍ നല്‍കുന്ന ഓണക്കിറ്റ്, ജില്ലയിലെ വിവിധ കോഴ്സുകളില്‍ പഠിക്കുന്ന അര്‍ഹരായ 50 കുട്ടികള്‍ക്ക് ഇ.വൈ.ജി.ഡി.എസ് സി.എസ്.ആര്‍ കമ്പനി നല്‍കുന്ന ലാപ്ടോപ്പ്, ഓണക്കോടി എന്നിവ മന്ത്രി വിതരണം ചെയ്തു.
കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ഓണം വാരാഘോഷ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായി. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ പി വിശ്വനാഥന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി, ഡി.റ്റി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, അക്ഷയപാത്ര ഫൗണ്ടേഷന്‍ പ്രതിനിധി ഡോ മഹോത്സഹ ചൈതന്യ ദാസ്, ഇ.വൈ.ജി.ഡി.എസ് സി.എസ്.ആര്‍ കമ്പനി പ്രതിനിധി വി.എസ് വിനോദ്, ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply