വയനാട്ടില്‍ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് നാളെ സമാപനം
കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് വയനാട്ടില്‍ നാളെ കൊടിയിറക്കം. വോട്ടര്‍മാരുടെ മനസില്‍ ഇളക്കം ഉണ്ടാക്കത്തക്കവണ്ണം കൊട്ടിക്കലാശം കേമമാക്കുന്നതിനു തിരക്കിട്ട നീക്കത്തിലാണ് ഇടതു, വലത് മുന്നണികളും എന്‍ഡിഎയും. ആഴ്ചകള്‍ നീണ്ട പ്രചാരണത്തിലൂടെ മൂന്നു മുന്നണികളും വിമതരും സ്വതന്ത്രരും ചേര്‍ന്ന് ഉഴുതുമറിച്ച് പരുവത്തിലാക്കിയതാണ് വയനാടിന്റെ രാഷ്ട്രീയ നിലം. എല്ലാ കൂട്ടരും വര്‍ധിത വീര്യത്തോടെ നടത്തിയതാണ് വിത്തേറ്. ജനസമ്മതിയുള്ളവരെയാണ് സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും മുസ്‌ലിംലീഗും സ്ഥാനാര്‍ഥികളാക്കിയത്. വിളവ് മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
തെരഞ്ഞെടുപ്പുരംഗം കൊഴുപ്പിക്കാന്‍ ഇടത്, വലത് മുന്നണികളിലെ പ്രമുഖര്‍ ചുരം കയറിയിരുന്നു. യുഡിഎഫിനുവേണ്ടി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല, യുഡിഎഫ് മുന്‍ സംസ്ഥാന കണ്‍വീനര്‍ എം.എം. ഹസന്‍, മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കെ.എം. ഷാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി, ഷാഫി ചാലിയം, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ കല്ലായി, യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണം നടത്തി. ജില്ലയില്‍നിന്നുള്ള എംഎല്‍എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ അവരുടെ നിയോജകമണ്ഡലങ്ങളില്‍ വിശ്രമം മാറ്റിവച്ച് വോട്ടര്‍മാരെ കാണാനിറങ്ങി. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ്, രാഷ്ട്രീയകാര്യ സമിതിയംഗം പി.കെ. ജയലക്ഷ്മി, എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍ തുടങ്ങിയവരും പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തില്‍ തലകുനിക്കാന്‍ ഇടവരരുതെന്ന ലക്ഷ്യത്തോടെ രംഗത്തിറങ്ങി.
എല്‍ഡിഎഫ് നിരയില്‍ സംസ്ഥാന കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍, സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും മന്ത്രിയുമായ കെ. രാജന്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീര്‍ എംപി, എന്‍സിപി-എസ് അഖിലേന്ത്യ വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. ചാക്കോ തുടങ്ങിയവര്‍ ജില്ലയിലെത്തി സ്ഥാനാര്‍ഥികളിലും പ്രവര്‍ത്തകരിലും ആവേശം പകര്‍ന്നു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ എന്നിവര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് തന്ത്രം മെനഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ. മോഹനന്‍ എന്നിവരാണ് ജില്ലയില്‍ എന്‍ഡിഎ തെരഞ്ഞടുപ്പ് പ്രചാരണം നയിച്ചത്.
വയനാട്ടില്‍ ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിലും കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്തുകളിലായി 59 ഡിവിഷനുകളിലും കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി മുനിസിപ്പാലിറ്റികളിലായി 103 ഡിവിഷനുകളിലും 23 പഞ്ചായത്തുകളിലായി 450 വാര്‍ഡുകളിലുമാണ് വിധിയെഴുത്ത്. കോണ്‍ഗ്രസ് 11 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും 70 മുനിസിപ്പല്‍ ഡിവിഷനുകളിലും 40 ബ്ലോക്ക് ഡിവിഷനുകളിലും 310 പഞ്ചായത്ത് വാര്‍ഡുകളിലുമാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലെ 11 ഡിവിഷനുകളില്‍ സ്ഥാനാര്‍ഥികളുള്ള സിപിഎം 357 പഞ്ചായത്ത് വാര്‍ഡുകളിലും 45 ബ്ലോക്ക്, 77 മുനിസിപ്പല്‍ ഡിവിഷനുകളിലും മത്സരിക്കുന്നുണ്ട്. മുസ്‌ലിംലീഗ് ജില്ലാ പഞ്ചായത്തിലെ ആറും മുനിസിപ്പാലിറ്റികളിലെ 31 ഉം ബ്ലോക്ക് പഞ്ചായത്തുകളിലെ 19 ഉം ഡിവിഷനുകളിലും 138 പഞ്ചായത്ത് വാര്‍ഡുകളിലുമാണ് മത്സരിക്കുന്നത്. 421 പഞ്ചായത്ത് വാര്‍ഡുകളില്‍ ജനവിധി തേടുന്ന ബിജെപി ജില്ലാ പഞ്ചായത്തിലെ എല്ലാ ഡിവിഷനുകളിലും നഗരസഭകളിലെ 88 ഉം ബ്ലോക്ക് പഞ്ചായത്തിലെ 56 ഉം ഡിവിഷനുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 47 വാര്‍ഡുകള്‍ ജില്ലയില്‍ വര്‍ധിച്ചിട്ടുണ്ട്.





Leave a Reply