April 25, 2026

ഫലമറിയാൻ മണിക്കൂറുകൾ ബാക്കി മനക്കോട്ട കെട്ടി മുന്നണികൾ 

0
IMG_20251212_185141
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍ ഭരണസമിതി തെരഞ്ഞെടുപ്പിനു പോള്‍ ചെയ്ത വോട്ടുകള്‍ വയനാട്ടിലെ ഏഴ് കേന്ദ്രങ്ങളില്‍ നാളെ എണ്ണാനിരിക്കേ മനക്കോട്ട കെട്ടി ഇടത്, വലതു മുന്നണികളും എന്‍ഡിഎയും. ജില്ലാ പഞ്ചായത്തിലും മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 23 പഞ്ചായത്തുകളില്‍ 17 എണ്ണത്തിലും യുഡിഎഫ് ഭരണസമിതികള്‍ നിലവില്‍ വരുമെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ വിലയിരുത്തല്‍. എന്നാല്‍ ബത്തേരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകളും ബത്തേരി മുനിസിപ്പാലിറ്റിയും എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നും മാനന്തവാടി, കല്‍പ്പറ്റ മുനിസിപ്പാലിറ്റികള്‍ തിരിച്ചുപിടിക്കുമെന്നും സിപിഎമ്മിന്റെയും സഖ്യകക്ഷികളുടെയും നേതാക്കള്‍ പറയുന്നു. ജില്ലാ പഞ്ചായത്തില്‍ നില മെച്ചപ്പെടുത്തുമെന്ന വാദവും എല്‍ഡിഎഫ് നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. പഞ്ചായത്തുകളില്‍ ഭൂരിപക്ഷവും എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന അഭിപ്രായവും അവര്‍ക്കുണ്ട്. ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു പഞ്ചായത്ത് എന്‍ഡിഎ പിടിക്കുമെന്ന് ബിജെപി പറയുന്നു. പൂതാടി പഞ്ചായത്തില്‍ ഭരണസമിതി രൂപീകരിക്കാമെന്നാണ് എന്‍ഡിഎ പ്രതീക്ഷ. വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി 50 നടുത്ത് സീറ്റുകളില്‍ എന്‍ഡിഎ വിജയിക്കുമെന്നും നേതാക്കള്‍ പറയുന്നു.

ജില്ലാ പഞ്ചായത്തില്‍ മുള്ളന്‍കൊല്ലി, കേണിച്ചിറ, എടവക, തവിഞ്ഞാല്‍, നൂല്‍പ്പുഴ, പനമരം, തോമാട്ടുചാല്‍ ഡിവിഷനുകളില്‍ കോണ്‍ഗ്രസിന്റെയും മേപ്പാടി, തരുവണ, കണിയാമ്പറ്റ, മുട്ടില്‍, പടിഞ്ഞാറത്തറ ഡിവിഷനുകളില്‍ മുസ്‌ലിംലീഗിന്റെയും സ്ഥാനാര്‍ഥികളുടെ വിജയം സുനിശ്ചിതമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് പറഞ്ഞു. ജില്ലാ പഞ്ചായത്തിലെ വെള്ളമുണ്ട, അമ്പലവയല്‍, മീനങ്ങാടി, വൈത്തിരി ഡിവിഷനുകളില്‍ ശക്തമായ മത്സരമാണ് നടന്നതെന്നും ഫലം യുഡിഎഫിന് അനുകൂലമാകാനിടയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചായത്തുകളില്‍ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, തൊണ്ടര്‍നാട്, തിരുനെല്ലി എന്നിവിടങ്ങളില്‍ മാത്രമാണ് വിജയത്തില്‍ യുഡിഎഫിന് നേരിയ സംശയമെന്നും പൗലോസ് പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്തുകളില്‍ കല്‍പ്പറ്റയും പനമരവും നിലനിര്‍ത്തുന്നതിനൊപ്പം ബത്തേരിയും മാനന്തവാടിയും യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍ പറഞ്ഞു. നിലവില്‍ എല്‍ഡിഎഫ് ഭരണത്തിലുള്ള ബത്തേരി ഉള്‍പ്പെടെ ജില്ലയിലെ മൂന്ന് മുനിസിപ്പാലിറ്റികളും യുഡിഎഫ് ഭരിക്കുമെന്ന് കല്‍പ്പറ്റ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് പറഞ്ഞു.

2020ലെ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളില്‍ എട്ടുവീതം എണ്ണമാണ് എല്‍ഡിഎഫിനും യുഡിഎഫിനും ലഭിച്ചത്. നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസിലെ സംഷാദ് മരക്കാര്‍ പ്രസിഡന്റായത്. ഇക്കുറി ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളില്‍ ഭൂരിപക്ഷത്തിലും ജനവിധി എല്‍ഡിഎഫിന് അനുകൂലമാകുമെന്ന് ജില്ലയിലെ സിപിഎം, സിപിഐ നേതാക്കള്‍ കരുതുന്നു. തിരുനെല്ലി, വൈത്തിരി, എടവക, തവിഞ്ഞാല്‍, അമ്പലവയല്‍, വെള്ളമുണ്ട, നൂല്‍പ്പുഴ, മീനങ്ങാടി, പനമരം എന്നിവ എല്‍ഡിഎഫ് വിജയം പ്രതീക്ഷിക്കുന്ന ഡിവിഷനുകളാണ്.

ബത്തേരി മുനിസിപ്പാലിറ്റി കൂടുതല്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് നിലനിര്‍ത്തുമെന്ന് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ പറഞ്ഞു. കല്‍പ്പറ്റ, മാനന്തവാടി മുനിസിപ്പാലിറ്റികള്‍ നിലനിര്‍ത്താമെന്നതും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാമെന്നതും യുഡിഎഫിന്റെ വ്യാമോഹമായിരുന്നുവെന്ന് വോട്ടെണ്ണല്‍ കഴിയുമ്പോള്‍ വ്യക്തമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസും ലീഗും ഉരുക്കുകോട്ടകളെന്നു കരുതുന്ന പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് കടന്നുകയറിയത് കാണാമെന്നും ദേവസ്യ പറഞ്ഞു.

2020ലെ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 54 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ എല്‍ഡിഎഫിന് 23 ഉം യുഡിഎഫിന് 31 ഉം എണ്ണമാണ് ലഭിച്ചത്. 98 മുനിസിപ്പല്‍ ഡിവിഷനുകളില്‍ എല്‍ഡിഎഫ് 52 ഉം യുഡിഎഫ് 46 ഉം ഡിവിഷനുകളില്‍ വിജയിച്ചു. 413 പഞ്ചായത്ത് വാര്‍ഡുകളില്‍ 212ല്‍ യുഡിഎഫും 182ല്‍ എല്‍ഡിഎഫും 13 ല്‍ ബിജെപിയുമാണ് ജയിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *