ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്ര സ്വത്തുക്കളില്‍ ധവളപത്രം ഇറക്കണം: സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍
കല്‍പ്പറ്റ: ശബരിമല സ്വര്‍ണക്കൊള്ളയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളുടെയും കീഴിലുള്ള ക്ഷേത്ര സ്വത്തുക്കള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നു സിപിഐ(എംഎല്‍)റെഡ്സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ശബരിമല സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി അതിവേഗം വര്‍ധിക്കുകയാണ്. പ്രഭാമണ്ഡലത്തിലെ സ്വര്‍ണവിഗ്രഹങ്ങളും ശിവ, വ്യാളി രൂപങ്ങളും കൊള്ളയടിച്ചതില്‍ ഉള്‍പ്പെടുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണക്കൊള്ളയില്‍ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉത്തരവാദപ്പെട്ട സംഘടനാ നേതൃത്വങ്ങള്‍ ഉയര്‍ത്താത്തത് സംശയാസ്പദമാണ്. സംസ്ഥാനത്തെ ചില ജ്വല്ലറി ഉടമകളും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ദുരൂഹ ഇടപാടുകള്‍ അടിയന്തരമായി അന്വേഷിക്കണം. അമ്പലക്കൊള്ളക്കാര്‍ അടിച്ചുമാറ്റിയ കിലോക്കണക്കിന് സ്വര്‍ണം കൈപ്പറ്റിയവര്‍ ആരല്ലാമെന്നത് സത്യസന്ധമായ അന്വേഷണത്തിലൂടെയേ പുറത്തുവരൂ. മുഴുവന്‍ കുറ്റവാളികളെയും കണ്ടെത്തി തുറുങ്കില്‍ അടയ്ക്കണം. ക്ഷേത്രങ്ങളില്‍ കാണിക്കയായി ലഭിക്കുന്ന സമ്പത്ത് പോറ്റിമാരും സ്വര്‍ണ ഇടപാടുകാരും രാഷ്ട്രീയ നേതാക്കളും മറ്റും കൊള്ളയടിക്കുന്നതിനു അറുതി വരുത്തണം. ഒരോ വര്‍ഷവും ലഭിക്കുന്ന കാണിക്ക ഭക്തരുടെയും ജനങ്ങളുടെയും ക്ഷേമത്തിന് വിനിയോഗിക്കണമെന്നും കുഞ്ഞിക്കണാരന്‍ ആവശ്യപ്പെട്ടു.





Leave a Reply