മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; അടിയാർ വിഭാഗം ഇനി റാവുളർ എന്നറിയപ്പെടും
കൽപ്പറ്റ: മാനന്തവാടി, ബത്തേരി താലൂക്കുകളിലും കുടകിലും താമസിക്കുന്ന റാവൂളർ എന്ന ആദിവാസി വിഭാഗത്തിന് സർക്കാർ രേഖകളിലുള്ള അടിയാർ എന്ന പേരിന് പകരം റാവൂളർ എന്ന് പുനർ നാമകരണം ചെയ്യാനുള്ള നടപടി സ്വീകരിക്കാൻ കിർത്താഡ്സിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പട്ടിക-വർഗ വികസന വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു കാലത്ത് അടിമകളായി ജോലി ചെയ്തിരുന്നതു കൊണ്ടാണ് റാവൂളർ വിഭാഗത്തിന് അടിയാർ എന്നു പേരു വന്നതെന്നും അതിനാൽ അത് മാറ്റണമെന്നുമുള്ള പരാതിയിലാണ് കമ്മീഷൻ സർക്കാരിന് നിർദേശം നൽകിയത്.
അടിയാർ സമുദായത്തെ റാവൂളർ എന്ന് പുനർ നാമകരണം ചെയ്യുന്നതിൽ അപാകതയില്ലെന്നും എന്നാൽ പട്ടിക-ജാതി, പട്ടിക-വർഗ വിഭാഗത്തിന് പട്ടികയിൽ കൂട്ടിച്ചേർക്കലോ നീക്കമോ ആവശ്യമായി വന്നാൽ ഭരണഘടനാ ഭേദഗതി മുഖാന്തിരം മാത്രമേ കഴിയുകയുള്ളുവെന്ന് കിർത്താഡ്സ് ഡയറക്ടർ അറിയിച്ചതായി പട്ടിക-വർഗ വികസന വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. സർക്കാർ തലത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കിർത്താഡ്സ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ നിർദേശിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ മാവേലിക്കര സാമുവേൽ സമർപ്പിച്ച പരാതിയിലാണ് നടപടി.





Leave a Reply