കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര വയനാട്ടിൽ ഉജ്ജ്വല സ്വീകരണം
കൽപ്പറ്റ: ഏറെ പിന്നോക്കമുള്ള പ്രദേശമായ വയനാട് ജില്ല ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ വളരെ ശ്രദ്ധേയമായ ജില്ലയാണ്. ദേശീയ രാഷ്‌ട്രീയത്തിലെ രണ്ട് പ്രമുഖ നേതാക്കൾ ഈയടുത്തായി വയനാടിനെ പ്രതിനിധീകരിക്കുന്നതു കൊണ്ട് ഇവിടത്തെ വികസന കാര്യങ്ങൾ എളുപ്പമാകും എന്ന നിലയിൽ ഈ നാട്ടുകാർ അർപ്പിച്ച വിശ്വാസത്തെ അവർ ദേശീയ തലത്തിൽ ഉയർത്തിപ്പിടിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു.
കേരള യാത്രക്ക് കൽപറ്റയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിന്റെ ഇന്ത്യയെ കുറിച്ചുള്ള സങ്കൽപങ്ങൾ രാജ്യത്തെ ബോധ്യപ്പെടുത്താനുള്ള അവസരമായി വയനാട്ടിൽ നിന്നുള്ള പാർലമെന്ററി അംഗത്വത്തെ അവർ കാണണം.
വയനാട്ടിലെ ഗതാഗത പ്രശ്നം ഒരു പ്രാദേശിക പ്രശ്നമല്ല. മൂന്ന് സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡാണ് വയനാട്ടിലേത്. ആ ഗൗരവത്തോടെ സംസ്ഥാനങ്ങൾ പരസ്പരം ഇടപെട്ട്, രാത്രി യാത്ര നിരോധനം അവസാനിപ്പിക്കുകയും ചുരത്തിലെ തടസ്സങ്ങൾ നീക്കുകയും വേണം. വികസനത്തിന്റെ അടിസ്ഥാനമാണ് തടസ്സമില്ലാത്ത റോഡുകൾ. അതിൽ എല്ലാവരുടെയും ശ്രദ്ധ ഉണ്ടാവണം. ഖലീൽതങ്ങൾ പറഞ്ഞു.
കേരളയാത്രയെ അഞ്ചാം ദിവസം യാത്രയെ അനുകമ്പയുടെ വയനാടൻ കുളിർമയിലേക്ക് ജില്ലയിലെ സുന്നീ നേതാക്കളും സെൻ്റിനറി ഗാർഡും സ്വീകരിച്ചു.
ലക്കിടിയിൽ നിന്ന് നൂറുക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കൽപ്പറ്റയിലേക്ക് സ്വീകരിച്ചു. യാത്രയിൽ വഴിയോരങ്ങളിൽ കേരള യാത്രയെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രവർത്തകർ അണി നിരന്നു. കൽപ്പറ്റ നഗരത്തിൽ റാലിയും സെൻ്റിനറി ഗാർഡ് പരേഡും നടന്നു. കൽപ്പറ്റ ട്രാഫിക് ജംഗ്ഷന് സമീപമുള്ള പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്ലിയാർ നഗരിയിൽ നടന്ന സ്വീകരണ സമ്മേളനത്തിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി.സയ്യിദ് അലി ബാഫഖി തങ്ങൾപ്രാർത്ഥന നടത്തി.
പി ഹസ്സൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽമന്ത്രി. ഒ. ആർ. കേളു ഉദ്ഘാടനം ചെയ്തു.യാത്രാ ഉപനായകൻ പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. അബ്‌ദുൽഹക്കിം അസ്ഹരി പ്രസംഗിച്ചു.
ടി സിദ്ദിഖ് എം എൽ എ,വിശ്വനാഥൻ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ,കെ റഫീഖ്,അഡ്വ. ടി ജെ ഐസക്,കെ കെ.അഹ്മദ് ഹാജി,ഇ ജെ ബാബു പങ്കെടുത്തു.
ഡോക്ടർ ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഇബ്രാഹിം സഖാഫി പുഴക്കട്ടിരി പ്രമേയ പ്രഭാഷണം നടത്തി. അബൂഹനീഫൽ ഫൈസി തെന്നല,കെ.ഒ അഹ്‌മദ് കുട്ടി ബാഖവി, നിസാർ സഖാഫി സംബന്ധിച്ചു.
എസ്. ശറഫുദ്ദീൻ സ്വാഗതവും കെ എസ് മുഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു.
കേരളയാത്രയുടെ ഭാഗമായി ഇന്ന് ഗൂഡല്ലൂരിൽ സ്നേഹയാത്ര നടക്കും. ജനുവരി ഏഴ് അരീക്കോട്, എട്ട് തിരൂർ, ഒമ്പത് ഒറ്റപ്പാലം, 10 ചാവക്കാട്, 11 എറണാകുളം മറൈൻ ഡ്രൈവ്, 12 തൊടുപുഴ, 13 കോട്ടയം, 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട, അഞ്ചുമണി കായംകുളം, 15 ന് കൊല്ലം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 16ന് വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപനം.





Leave a Reply