പുൽപ്പള്ളിയിൽ കോൺഗ്രസ് – ലീഗ് – ബി.ജെ.പി സഖ്യം; സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ ഒത്തുകളിയെന്ന് ആക്ഷേപം
പുൽപ്പള്ളി: കേന്ദ്രത്തിലും സംസ്ഥാനത്തും വിരുദ്ധ ചേരികളിൽ നിലയുറപ്പിക്കുമ്പോഴും, പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് – ലീഗ് – ബി.ജെ.പി സഖ്യം പരസ്യമായി രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലാണ് ഈ പുതിയ മുന്നണി ബന്ധം പ്രകടമായത്. 21 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് ഒമ്പതും, യു.ഡി.എഫിന് എട്ടും, ബി.ജെ.പിക്ക് നാലും അംഗങ്ങളാണ് ഉള്ളത്. നേരത്തെ നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനതലത്തിലുള്ള തിരിച്ചടി ഭയന്ന് ഈ സഖ്യത്തിന് കോൺഗ്രസ് തയ്യാറായിരുന്നില്ലെങ്കിലും, സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുമായി പരസ്യമായ ധാരണയുണ്ടാക്കുകയായിരുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്നാണ് ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചതെന്നും മണ്ഡലം നേതൃത്വം ഇക്കാര്യത്തിൽ ബി.ജെ.പി.യുമായി ധാരണയിലാണെന്നും മുൻ പഞ്ചായത്ത് പ്രസിഡന്റും മുതിർന്ന അംഗവുമായ എം.ടി. കരുണാകരൻ വെളിപ്പെടുത്തിയതോടെ അണിയറ നീക്കങ്ങൾ പുറത്തായി.
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ ബി.ജെ.പിക്ക് വോട്ട് നൽകി അവരെ വിജയിപ്പിക്കുകയും, തിരിച്ച് ബി.ജെ.പി വോട്ട് വാങ്ങി കോൺഗ്രസ് രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനങ്ങൾ സ്വന്തമാക്കുകയും ചെയ്തു. വികസനകാര്യ സ്ഥിരം സമിതിയിലേക്ക് മത്സരിച്ച കോൺഗ്രസിലെ ഗീത കുഞ്ഞികൃഷ്ണനും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് മത്സരിച്ച സെലിൻ മാനുവലും യു.ഡി.എഫിലെ എട്ട് വോട്ടുകൾക്ക് പുറമെ ബി.ജെ.പിയുടെ നാല് വോട്ടുകൾ കൂടി (ആകെ 12) നേടിയാണ് വിജയിച്ചത്. ഇതിന് പ്രത്യുപകാരമായി ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച ബി.ജെ.പിയുടെ സുചിത്രയ്ക്ക് യു.ഡി.എഫ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി. ഇതോടെ പുൽപ്പള്ളിയുടെ ചരിത്രത്തിൽ ആദ്യമായി കേവലം നാല് അംഗങ്ങൾ മാത്രമുള്ള ബി.ജെ.പിക്ക് ഒരു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിച്ചു.
പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ ഇത്തരം ഒരു സഖ്യം രൂപപ്പെട്ടത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ തന്നെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഒരു കെ.പി.സി.സി ഭാരവാഹിയുടെ അറിവോടെയാണ് ഈ ഒത്തുകളി നടന്നതെന്ന ആരോപണവും ശക്തമാണ്. ബി.ജെ.പി വോട്ട് ലക്ഷ്യം വെച്ച് കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ പല വാർഡുകളും ബി.ജെ.പിക്ക് വിട്ടുകൊടുത്തതായും ആരോപണമുണ്ട്. ബി.ജെ.പി ബന്ധത്തെ തുടർന്നുള്ള വോട്ട് ചോർച്ചയാണ് കോൺഗ്രസിന് മുൻപ് ഭരണമുണ്ടായിരുന്ന പുൽപ്പള്ളി പഞ്ചായത്ത് ഇപ്പോൾ എൽ.ഡി.എഫിന് ലഭിക്കാൻ കാരണമായതെന്ന വിമർശനവും ഉയരുന്നു.





Leave a Reply