May 1, 2026

ബ്രഹ്‌മഗിരി സൈസൈറ്റിയിലെ കള്ളപ്പണം വെളുപ്പിക്കലും, സാമ്പത്തിക ക്രമക്കേടുകളും; സമഗ്രമായ അന്വേഷണം നടത്തണം: യു ഡി എഫ്

0
IMG_20260122_160431
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കല്‍പ്പറ്റ: സി പി എം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയിലിയൂടെ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന് തെളിവു സഹിതം ജീവനക്കാരന്‍ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സൊസൈറ്റിയിലെ മുവുവന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് യു ഡി എഫ് ജില്ലാകമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതീവഗുരുതരമായ, രാജ്യദ്രോഹകുറ്റം വരെ ചുമത്താവുന്ന കുറ്റമാണ് നടന്നിരിക്കുന്നത്. ഈ സാമ്പത്തിക കുറ്റകൃത്യത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്ത് കുറ്റക്കാരായ മുഴുവന്‍ പേരെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ബത്തേരി യൂണിയന്‍ ബാങ്ക് ശാഖയെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. ബാങ്കില്‍ വലിയ ക്രമക്കേടുകളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത്. ഈ ബാങ്കിലെ ജീവനക്കാര്‍ ബ്രഹ്‌മഗിരിയിലെ കള്ളപ്പണം വെളുപ്പിക്കലിന് ഒത്താശ ചെയ്തതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ റിസര്‍വ്ബാങ്കിന്റെ നേതൃത്വത്തിലും ബാങ്കില്‍ നടന്ന എല്ലാവിധ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണം. കോഴിക്കോട് നിന്നും പണം ചാക്കില്‍ കെട്ടി എത്തിച്ചതാണെന്നാണ് ജീവനക്കാരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ചും വ്യക്തമായ അന്വേഷണം നടക്കണം. ബ്രഹ്‌മഗിരിയിലെ തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാരുടെ പേരില്‍ ബത്തേരി യൂണിയന്‍ ബാങ്കില്‍ നിക്ഷേപിച്ചതിന് ശേഷമാണ് ബ്രഹ്‌മഗിരിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയതെന്നും പറയുന്നു. ഈ സാഹചര്യത്തില്‍ ഏതൊക്കെ ജീവനക്കാരുടെ പേരിലാണ് കള്ളപ്പണം വെളുപ്പിച്ചെടുത്തത് എന്നും വ്യക്തമായി തന്നെ അന്വേഷിക്കണം. അതീവഗുരുതരമായ സാമ്പത്തിക കുറ്റകൃത്യത്തില്‍ നിന്നും ജില്ലയിലെ സി പി എം നേതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി സൊസൈറ്റി സി പി എം അനുഭാവികളായ സാധാരണക്കാര്‍ മുതല്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ വരെയുള്ളവരില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്. ഇവരെല്ലാം ഇന്ന് നിക്ഷേപതുക തിരികെകിട്ടാതെ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. ഇതോടൊപ്പം സി പി എം ഭരിക്കുന്ന സഹകരണബാങ്കുകളില്‍ നിന്നും സംഘങ്ങളില്‍ നിന്നും കോടികള്‍ നിക്ഷേപം സ്വീകരിച്ചു. 130 കോടിയോളം രൂപയാണ് ഇത്തരത്തില്‍ നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്. ഇതെല്ലാം വിവിധ നിയമങ്ങളുടെ നഗ്നമായ ലംഘനമായിരുന്നു. ഇന്ന് സൊസൈറ്റിയില്‍ ജീവിതസമ്പാദ്യമൊന്നാകെ നിക്ഷേപിച്ചവര്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും പണമില്ലാതെ ഇന്ന് പ്രയാസപ്പെടുകയാണ്. പലരും ആത്മഹത്യാമുനമ്പിലാണ്. നിരവധി സമരങ്ങള്‍ നടത്തിയിട്ടും അവര്‍ക്ക് നീതി ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സി പി എമ്മിന് ഇതില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. പണം നഷ്ടപ്പെട്ടവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ട് രണ്ട് വര്‍ഷമായിട്ടും കേസെടുക്കാന്‍ പോലും തയ്യാറാവാത്ത സാഹചര്യമാണുള്ളത്. സൊസൈറ്റിക്കെതിരെ ബത്തേരി പൊലീസ് സ്റ്റേഷനില്‍ 75 ഓളം പരാതികളാണ് കെട്ടികിടക്കുന്നത്. ഇതില്‍ ഒന്നില്‍ പോലും കേസെടുക്കാന്‍ അധികാരികള്‍ തയ്യാറാവാത്തതിന് പിന്നില്‍ സി പി എമ്മിന്റെയും സര്‍ക്കാരിന്റെയും സ്വാധീനവും സമ്മര്‍ദ്ദവും കൊണ്ടാണ്. വ്യാപക തട്ടിപ്പ് നടന്ന സൊസൈറ്റിക്കായി വിവിധ ബജറ്റുകളിലായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്. സി പി എം നേതാക്കള്‍ക്ക് കൊള്ളയടിക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ഇപ്പോഴും നല്‍കികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നടന്ന എല്ലാ സാമ്പത്തിക ഇടപാടും അന്വേഷണത്തിന് വിധേയമാക്കണം. ഇതൊരു വ്യാപാര പരാജയമെന്ന പേരില്‍ ലഘൂകരിക്കാനാണ് സി പി എം ജില്ലാ നേതൃത്വം ശ്രമിക്കുന്നത്. അങ്ങനെ നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ല. സൊസൈറ്റിയുടെ മറവില്‍ നടന്നിരിക്കുന്നത് വലിയ സാമ്പത്തിക തട്ടിപ്പും കൊള്ളയുമാണ്. ഏറ്റവുമൊടുവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന് കൂടി വ്യക്തമായിരിക്കുകയാണ്. മന്ത്രി ഒ ആര്‍ കേളു ഉള്‍പ്പെടെയുള്ളവര്‍ സൊസൈറ്റിയുടെ ഡയറക്ടര്‍മാരായിരുന്നുവെന്നിരിക്കെ കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിക്കുകയാണ്. സൊസൈറ്റിയിലെ സാമ്പത്തികക്രമക്കേടുകളും തട്ടിപ്പുകളും കള്ളപ്പണം വെളുപ്പിക്കലും സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങും. ആക്ഷൻ കമ്മിറ്റി ഹൈകോടതിയിൽ പോകാൻ തീരുമാനിച്ചിരിക്കുകയാണ് അതിന് യുഡിഎഫ് പിന്തുണ നൽകും. കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ അന്വേഷിക്കണം. വാർത്താ സമ്മേളനത്തിൽ ഡിസിസി പ്രസിഡൻ്റ് അഡ്വ. ടി ജെ ഐസക്, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *