കാട്ടാനയിറങ്ങിയതായി വ്യാജ ഫോൺ സന്ദേശം നൽകി ജീവനക്കാരെ മർദ്ദിച്ചതായി വനംവകുപ്പ്: മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് നൽകി
കൽപ്പറ്റ: പുൽപ്പള്ളി ആലൂർക്കുന്ന്, കുറിച്ചി ഭാഗത്ത് കാട്ടാനയിറങ്ങിയതായി വ്യാജ ഫോൺ സന്ദേശം ലഭിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാരെ പ്രദേശവാസികളായ ചിലർ ചേർന്ന് ആക്രമിച്ചതായി വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇതിനെതിരെ വനം വകുപ്പ് പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
വനം വകുപ്പ് വാഹനം വീടിന്റെ വഴിമുടക്കി പാർക്ക് ചെയ്തത് ചോദ്യം ചെയ്തപ്പോൾ ജീവനക്കാർ മകനെ ഉപദ്രവിച്ചതായി പരാതിപ്പെട്ട് പുൽപ്പള്ളി കുറിച്ചിപ്പട്ട സ്വദേശിനി സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഡി.എഫ്.ഒ. വിശദീകരണം സമർപ്പിച്ചത്. ആരോപണങ്ങൾ ഡി.എഫ്.ഒ. നിഷേധിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരി 5 ന് രാത്രിയിലാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. മാരുതി കാറിലെത്തിയ പരാതിക്കാരിയുടെ മകനും മറ്റ് ചിലരും ചേർന്ന് യാതൊരു പ്രകോപനവുമില്ലാതെ ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും വാച്ചർമാരെയും ആക്രമിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ സംഭവസ്ഥലത്ത് നിന്നും പിൻമാറി. ഇതിനു ശേഷവും കാട്ടാനയിറങ്ങിയതായി ഫോൺ വന്നു. വീണ്ടും സ്ഥലത്തെത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ സംഘം തടഞ്ഞു വയ്ക്കുകയും ജാതിപേര് വിളിച്ച് അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറഞ്ഞു. യൂണിഫോം വലിച്ചു കീറുകയും വനംവകുപ്പ് വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. ജീവനക്കാർ പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ക്രൈം 96/2025 നമ്പറായി കേസെടുത്തിട്ടുണ്ട്. തുടർന്ന് നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയെന്നും റിപ്പോർട്ടിൽ പറഞ്ഞു. ജീവനക്കാർ മദ്യപിച്ചിരുന്നുവെന്ന പരാതി ഡി.എഫ്.ഒ. തള്ളി. പരാതിക്കാരി റിപ്പോർട്ടിന് മറുപടി നൽകുകയോ സിറ്റിംഗിൽ ഹാജരാവുകയോ ചെയ്യാത്ത സാഹചര്യത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.





Leave a Reply