February 1, 2026

കല്‍പ്പറ്റ ബൈപ്പാസ് പൂര്‍ത്തീകരണം: 179 കോടി രൂപയുടെ ധനകാര്യ അനുമതി ലഭ്യമായതായി അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

0
IMG_20260130_184453
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലെ പ്രധാനപാതയായ കല്‍പ്പറ്റ ബൈപ്പാസ് പൂര്‍ത്തീകരിക്കുന്നതിനായി 179 കോടി രൂപയുടെ ധനകാര്യ അനുമതി ലഭ്യമായതായി അഡ്വ. ടി സിദ്ധിഖ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള റോഡ് 30 മീറ്ററായി വീതി വര്‍ധിപ്പിക്കാനും, അതില്‍ ഫുട്പാത്ത് ഉള്‍പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിക്കൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുക. നിലവിലുള്ള റോഡിന്റെ പ്രവൃത്തി നടത്തുന്നതോടൊപ്പം തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. നിലവിലുള്ള റോഡിന്റെ വളവും തിരിവും നികത്തി, ഇറക്കവും കയറ്റവും ക്രമീകരിച്ച് ഏറ്റവും മികച്ച നാലുവരി ബൈപ്പാസാക്കി ഉയര്‍ത്താനുള്ള നടപടിയാണ് ഇതിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുള്ളത്. കല്‍പ്പറ്റ ബൈപ്പാസ് ദേശീയപാത 766-ലെ ആദ്യത്തെ ബൈപ്പാസായി മാറും. ഇതില്‍ നല്ല രീതിയില്‍ ഇടപെടല്‍ നടത്തിയ രാഹുല്‍ഗാന്ധിയോടും പ്രിയങ്കാഗാന്ധിയോടുമുള്ള നന്ദി അറിയിക്കുകയാണ്. ഇരുവരും നേതൃത്വം നല്‍കിയ ദേശീയപാത മീറ്റിംഗുകളും, അതിന്റെ തുടര്‍ച്ചയായി നടത്തിയ ഇടപെടലുകളുമാണ് പദ്ധതി പ്രാവര്‍ത്തികമാകാനുള്ള പ്രധാനഘടകം. കേന്ദ്രമന്ത്രിയോടും, സഹായിച്ച ഉദ്യോഗസ്ഥരോടും നന്ദി പറയുകയാണ്. നിലവിലുള്ള ബൈപ്പാസിന്റെ പ്രവര്‍ത്തനം ഈ രീതിയില്‍ നടത്തിക്കിട്ടാന്‍ വലിയ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. കിഫ്ബിയിലും, കെ ആര്‍ എഫ്ബിയിലും ഏറ്റവുമധികം മീറ്റിംഗ് നടത്തിയത് കല്‍പ്പറ്റ ബൈപ്പാസ്, കൈനാട്ടി-കെല്‍ട്രോണ്‍ വളവ് റോഡ്, ചൂരല്‍മല റോഡ് എന്നീ പാതകള്‍ക്കായാണ്. കല്‍പ്പറ്റ ബൈപ്പാസിന്റെ കരാര്‍ ഏറ്റെടുത്ത സ്ഥാപനത്തിന്റെ പ്രവര്‍ത്തി സമയബന്ധിതമല്ലെന്ന് കണ്ട് അവരെ ടെര്‍മിനേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും, മന്ത്രി അതില്‍ വളരെ ഗൗരവമായ ഇടപെടല്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് നിലവിലുള്ള ബൈപ്പാസ് പുനര്‍ക്രമീകരിക്കുന്നതിനായി പുതിയ ടെണ്ടര്‍ നല്‍കി. അതിന്റെ ഭാഗമായുള്ള നടപടികളാണ് ഇപ്പോള്‍ പൂര്‍ത്തീകരിക്കുന്നത്.

കൈനാട്ടി മുതല്‍ അയ്യപ്പക്ഷേത്രം വരെയുള്ള പ്രവര്‍ത്തിയാണ് ഒന്നാംഘട്ടമായി പൂര്‍ത്തീകരിക്കപ്പെടുന്നത്. ഇതില്‍ നിരന്തരമായി നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ അയ്യപ്പക്ഷേത്ര പരിസരത്ത് റോഡിന്റെ ടാറിംഗ് പ്രവര്‍ത്തിക്കൊപ്പം ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവര്‍ത്തിയും ആരംഭിക്കുകയാണെന്ന് എം എല്‍ എ പറഞ്ഞു. അയ്യപ്പക്ഷേത്ര പരിസരത്തെ നവീകരണ പ്രവൃത്തി ശനിയാഴ്ച രാവിലെ മുതല്‍ ആരംഭിക്കും. ഇതോടൊപ്പം പി സി ലെയര്‍ പാകലും മാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികളും ഉടന്‍ ആരംഭിക്കുമെന്നും കല്‍പ്പറ്റ ആസ്ഥാനമായ റോഡുകള്‍ പൂര്‍ണതയിലേക്ക് എത്താന്‍ പോകുകയാണെന്നും എം എല്‍ എ പറഞ്ഞു. കല്‍പ്പറ്റ ബൈപ്പാസ് നാലുവരിയാക്കുക എന്നതിനൊപ്പം വെള്ളാരംകുന്ന്-പുളിയാര്‍മല ഔട്ടര്‍റിംഗ് റോഡിന്റെ സാധ്യതയും തെളിഞ്ഞുവരികയാണ്. മുഖ്യമന്ത്രിയോടും പൊതുമരാമത്ത് മന്ത്രിയോടും ചീഫ് സെക്രട്ടറിയോടും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരിട്ട് കണ്ട് കത്ത് നല്‍കി സംസാരിച്ചുകഴിഞ്ഞു. മാത്രമല്ല, ഡി പി ആര്‍ ഉള്‍പ്പെടെ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. സാസ്‌ക്കി ഫണ്ട് കിട്ടിയപ്പോള്‍ അതിലുള്‍പ്പെടുത്തി ഈ പദ്ധതി നടപ്പിലാക്കണമെന്ന് കലക്‌ട്രേറ്റിലെ മീറ്റിംഗില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആ ശിപാര്‍ശ സര്‍ക്കാരിലേക്ക് നല്‍കികഴിഞ്ഞു. ഈ റോഡ് പൂര്‍ത്തീകരിക്കുന്നതോടെ കല്‍പ്പറ്റയുടെ വികസനത്തിന് വലിയ നേട്ടമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഗവ. കോളജും ഐ ടി ഐയും ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും ജനവാസകേന്ദ്രവും ഉള്‍പ്പെടുന്ന മേഖലയാണ് ഔട്ടര്‍ റിംഗ് റോഡ് കടന്നുപോകുന്ന മേഖല. വളരെ വേഗത്തില്‍ തന്നെ ഈ പദ്ധതിക്കുള്ള അനുമതി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചുരം റോഡിന്റെ ആറ്, ഏഴ്, എട്ട് വളവുകളിലെ മരംമുറിക്കല്‍ ഉള്‍പ്പെടെ അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. നിര്‍മ്മാണപ്രവൃത്തി കരാര്‍ കമ്പനിയായ ചൗധരി കണ്‍സ്ട്രക്ഷന്‍സ് ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. മണ്ണ് പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ നടക്കുകയാണ്. കരാര്‍ കമ്പനി തന്നെ ഡിസൈന്‍ പൂര്‍ത്തീകരിച്ച് സമര്‍പ്പിക്കാനിരിക്കുകയാണ്. അതിന് ശേഷം പത്തുദിവസത്തിനകം തന്നെ പ്രവൃത്തിയിലേക്ക് കടക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *