തോട്ടം തൊഴിലാളികളുടെ വേതനം അടിയന്തരമായി പുതുക്കി നിശ്ചയിക്കണം: പി.പി. ആലി
കൽപ്പറ്റ: തോട്ടം തൊഴിലാളികളുടെ കുറഞ്ഞ കൂലി സംബന്ധിച്ച നോട്ടിഫിക്കേഷൻ കാലാവധി 2025 ഡിസംബർ 31-ന് അവസാനിച്ച സാഹചര്യത്തിൽ, തൊഴിലാളികളുടെ അധ്വാനഭാരം വർധിപ്പിക്കാതെ തന്നെ 2026 ജനുവരി 1 മുതൽ പ്രാബല്യത്തോടെ വേതനം പുതുക്കി നിശ്ചയിക്കണമെന്ന് കേരള പ്ലാന്റേഷൻ ലേബർ കമ്മിറ്റി അംഗവും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റുമായ പി.പി. ആലി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്ലാന്റേഷൻ ഫെഡറേഷൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ സംസ്ഥാന പ്ലാന്റേഷൻ ലേബർ കമ്മിറ്റി ചെയർമാനും സർക്കാരിനും നിരവധി തവണ കത്തുകൾ നൽകിയിട്ടും അനുകൂലമായ നടപടിയുണ്ടായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തോട്ടം മേഖലയിൽ ദുരിതമനുഭവിക്കുന്ന തൊഴിലാളികളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന നയം അധികൃതർ അവസാനിപ്പിക്കണമെന്നും തൊഴിലാളികളെ സഹാനുഭൂതിയോടെ പരിഗണിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ മുഴുവൻ തൊഴിലാളികളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കാപ്പിത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സ്പെഷ്യൽ അലവൻസ് 10 രൂപയായി വർദ്ധിപ്പിക്കുക, 60 കിലോഗ്രാമിന് മുകളിൽ ലഭിക്കുന്ന ഓരോ കിലോയ്ക്കും രണ്ട് രൂപ വീതം അഡീഷണലായി നൽകുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. കൂടാതെ, സർവീസ് വെയ്റ്റേജ് കാലാനുസൃതമായി വർദ്ധിപ്പിക്കാനും മാസശമ്പളക്കാർക്ക് തൊഴിൽ സീനിയോറിറ്റി അടിസ്ഥാനമാക്കി ഇൻക്രിമെന്റ് നൽകാനും നടപടി സ്വീകരിക്കണം. തേയില, കാപ്പി, റബ്ബർ ഉൾപ്പെടെയുള്ള തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും അവരുടെ ആശ്രിതരുടെയും ചികിത്സാ ചെലവ് പൂർണ്ണമായും ലഭ്യമാക്കണമെന്നും ഹോസ്പിറ്റൽ ബില്ലുകൾ അംഗീകരിക്കാൻ മാനേജ്‌മെന്റുകൾ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. മരണാനന്തര ചെലവുകൾക്കായി 10,000 രൂപ അനുവദിക്കുക, തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുക, തോട്ടം തൊഴിലാളികൾക്കായി സമ്പൂർണ്ണ ഭവന പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും പി.പി. ആലി മുന്നോട്ടുവെച്ചു. വീടുവയ്ക്കാൻ സ്ഥലമില്ലാത്തവർക്ക് മാനേജ്‌മെന്റ് സ്ഥലം വിട്ടുനൽകാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





Leave a Reply