May 2, 2026

പുൽപ്പള്ളിയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ പുനഃരാരംഭിക്കാൻ മുഖ്യമന്ത്രി ഇടപെടണം: പെരിക്കല്ലൂർ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ

0
IMG_20260211_183224
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി: പെരിക്കല്ലൂരിൽ നിന്നും വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പ്രധാന കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ നിർത്തലാക്കിയ നടപടിയിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് പെരിക്കല്ലൂർ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പുലർച്ചെ 03.30-നുള്ള പെരിക്കല്ലൂർ – പാലാ സൂപ്പർഫാസ്റ്റ്, വൈകുന്നേരം 05.45-നുള്ള പെരിക്കല്ലൂർ – പിറവം – കോട്ടയം സൂപ്പർ എക്സ്പ്രസ്, രാത്രി 09.30-നുള്ള പെരിക്കല്ലൂർ – എറണാകുളം – അടൂർ സൂപ്പർ ഡീലക്സ് എന്നീ സർവീസുകൾ പുനഃരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി പഞ്ചായത്തുകാർക്ക് ഏറെ ഉപകാരപ്രദമായിരുന്ന ഈ സർവീസുകൾ കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായി ചുമതലയേറ്റ ഉടനെയാണ് നിർത്തലാക്കിയത്.

 

സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ പിൻവലിക്കുന്നത് എൽ.ഡി.എഫ് സർക്കാരിന്റെ നയമല്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലും, ഗതാഗത മന്ത്രി ഈ നയത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് അസോസിയേഷൻ ആരോപിച്ചു. നിലവിൽ കെ.എസ്.ആർ.ടി.സി നിർത്തലാക്കിയ ഈ റൂട്ടുകളിൽ സ്വകാര്യ കോൺട്രാക്ട് കാര്യേജ് ബസുകൾ അനധികൃതമായി സർവീസ് നടത്തുന്നുണ്ട്. സർവീസുകൾ പുനഃരാരംഭിക്കാൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പലതവണ നിവേദനം നൽകിയിട്ടും മന്തി അനുകൂല നടപടി സ്വീകരിച്ചിട്ടില്ല. നാട്ടുകാർ ഒപ്പുശേഖരണം നടത്തി നിവേദനം നൽകിയിട്ടും മന്ത്രിയുടെ ദുർവാശി മൂലം സർവീസുകൾ മുടങ്ങിയിരിക്കുകയാണെന്നും ഇവർ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള അത്യാവശ്യ യാത്രകൾക്കും കുറഞ്ഞ നിരക്കിൽ നാട്ടിലെത്താനുമുള്ള യാത്രക്കാരുടെ സ്വാതന്ത്ര്യമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. യോഗത്തിൽ സുനിൽ ഡി. വാഴയ്ക്കൽ, സാബു ശിശിരം, ബേബി പാരിപ്പള്ളി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *