വയനാട് മെഡിക്കൽ കോളേജ്: ജീവനക്കാരുടെ ക്ഷാമം അടിയന്തിരമായി പരിഹരിക്കണം -എസ്‌ഡിപിഐ
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ നിലനിൽക്കുന്ന ഗുരുതരമായ ജീവനക്കാരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 261 നഴ്സിംഗ് ഓഫീസർമാർ ആവശ്യമുള്ള സ്ഥാനത്ത് 127 പേർ മാത്രമാണ് നിലവിലുള്ളത്. കൂടാതെ 40 സീനിയർ നഴ്സുമാരിൽ 20 പേരും, 82 നഴ്സിംഗ് അസിസ്റ്റന്റ്സിൽ 43 പേരും, 110 ക്ലീനിംഗ് സ്റ്റാഫിൽ 58 പേരും മാത്രമാണ് നിലവിൽ സേവനമനുഷ്ഠിക്കുന്നത്. ഇത് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
തീവ്രപരിചരണ വിഭാഗത്തിൽ (ICU) ഒരു നഴ്സിന് 14 രോഗികളെ വരെ നോക്കേണ്ടി വരുന്ന അതീവ ഗുരുതരമായ സാഹചര്യമാണുള്ളത്. ലേബർ റൂമിലാകട്ടെ 5 ബെഡുകൾക്ക് ഒരു നഴ്സ് മാത്രമാണ് ലഭ്യമാകുന്നത്. ഇത്തരത്തിലുള്ള അമിത ജോലിഭാരം ജീവനക്കാരുടെ മാനസിക-ശാരീരിക സമ്മർദ്ദം വർധിപ്പിക്കുന്നതിനൊപ്പം രോഗികൾക്ക് ലഭിക്കേണ്ട ഗുണമേന്മയുള്ള ചികിത്സയെയും പ്രതികൂലമായി ബാധിക്കുന്നു. ആധുനിക മെഡിക്കൽ ഉപകരണങ്ങൾ ആശുപത്രിയിലുണ്ടെങ്കിലും അവ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനും രോഗികൾക്ക് സേവനം ലഭ്യമാക്കാനും ആവശ്യമായ നഴ്സിംഗ്, സപ്പോർട്ടിംഗ് സ്റ്റാഫുകളുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ആവശ്യമായ തസ്തികകൾ ഉടൻ നികത്തുകയും സ്റ്റാഫ് പാറ്റേൺ പുതുക്കി ജോലിഭാരം കുറയ്ക്കുകയും ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര നടപടി കൈക്കൊള്ളാത്ത പക്ഷം ശക്തമായ ജനാധിപത്യ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു. അലി എ കെ, സജീർ എം ടി, നൗഫൽ പി കെ, ഷുഹൈബ് ടി കെ, കുഞ്ഞബ്ദുല്ല എം ടി, ആലി പി, സാദിഖ് വി, സുമയ്യ പി കെ, ഖദീജ ടി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply