കാട്ടികുളത്ത് കാട്ടാന അക്രമത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥയെ കുറിച്ച് അന്വേഷണം നടത്തണം : മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ: കാട്ടികുളം സ്വദേശിയായ വയോധികൻ കാട്ടാന ആക്രമണത്തിൽ മരിക്കാനിടയായത് റാപ്പിഡ് റെസ്പോൺസ് ടീമിന്റെയും വനംവകുപ്പുദ്യോഗസ്ഥരുടെയും കൃത്യവിലോപം കാരണമാണെന്ന പരാതിയിൽ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
വയനാട് ജില്ലാ കളക്ടറും നോർത്ത് വയനാട് ഡി.എഫ്.ഒയും പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു.
റാപ്പിഡ് റെസ്പോൺസ് ടീം സമയബന്ധിതമായി പ്രവർത്തിച്ചിരുന്നെങ്കിൽ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നുവെന്ന് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറഞ്ഞു . കാട്ടാന ജനവാസ മേഖലയിൽ തമ്പടിച്ചിട്ടും അധികൃതർ നിസംഗത പാലിച്ചതായി പരാതിയിൽ പറയുന്നു. ശാസ്ത്രീയമായ മാർഗത്തിലുടെ മാത്രമേ മനുഷ്യ-മൃഗ സംഘർഷം ലഘൂകരിക്കാൻ കഴിയുകയുള്ളൂവെന്നും പരാതിയിൽ പറയുന്നു. സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.





Leave a Reply