June 12, 2026

വൈദ്യുതി പരാതികൾക്ക് പരിഹാരം കാണാൻ നിയോജകമണ്ഡലം തല കമ്മിറ്റികൾ സജീവമാക്കണം-മന്ത്രി സണ്ണി ജോസഫ്  ‘ബെസ്’ പദ്ധതിയിൽ മൂന്ന് പദ്ധതികൾ അടുത്ത മാർച്ചിന് മുമ്പ് കമ്മീഷൻ ചെയ്യും

0
IMG_20260612_195057
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വൈദ്യുതി മുടക്കം, വോൾട്ടേജ് ക്ഷാമം, മഴക്കാലത്തെ പ്രശ്‌നങ്ങൾ എന്നിവ സംബന്ധിച്ച് ജനങ്ങളുടെ പരാതികൾക്ക് പെട്ടെന്ന് പരിഹാരം കാണാൻ

എംഎൽഎമാരുടെ നേതൃത്വത്തിലുള്ള നിയോജകമണ്ഡലം തല കമ്മിറ്റികൾ സജീവമാക്കണമെന്ന് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകൾ ഉൾപ്പെട്ട കെഎസ്ഇബിയുടെ ഉത്തര മലബാർ മേഖലാ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 

ജനങ്ങൾ ഫോൺ വഴി ഉന്നയിക്കുന്ന പരാതികൾക്ക് പരിഹാരം കാണാൻ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണം. വൈദ്യുതി മുടക്കത്തിന് പുറമേ വോൾട്ടേജ് ക്ഷാമവും മലബാറിലെ ചില ഭാഗങ്ങളിലുണ്ട്. അറ്റകുറ്റപ്പണി കാരണമോ പെട്ടെന്ന് ഉണ്ടായ സംഭവങ്ങൾ മൂലമോ വൈദ്യുതി മുടങ്ങുകയാണെങ്കിൽ അക്കാര്യം ഉപഭോക്താക്കളെ പ്രാദേശിക തലത്തിലുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ, വെബ്‌സൈറ്റ്, മാധ്യമങ്ങൾ വഴി അറിയിക്കണം. പകൽ സമയത്ത് സൗരോർജ്ജം ബാറ്ററിയിൽ സ്റ്റോർ ചെയ്തു രാത്രി പീക്ക് സമയങ്ങളിൽ വിതരണം ചെയ്യുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) പദ്ധതിയിലുള്ള മൂന്ന് പദ്ധതികൾ അടുത്ത മാർച്ചിന് മുമ്പ് കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് യോഗത്തിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

 

ഇതിൽ കേരളത്തിലെ ആദ്യത്തെ ബെസ് പദ്ധതി കാസർകോട് മൈലാട്ടിയിൽ ഈ ഡിസംബറിൽ കമ്മീഷൻ ചെയ്യും. 125 മെഗാവാട്ടാണ് രാത്രി നാല് മണിക്കൂർ നേരം വിതരണം ചെയ്യാനായി ഈ പദ്ധതിയിൽ നിന്ന് ഉൽപ്പാദിപ്പിക്കുക. കണ്ണൂരിലെ ശ്രീകണ്ഠാപുരം പദ്ധതിയ്ക്ക് 160

എംഡബ്ല്യുഎച്ച് ശേഷിയും കാസർകോട്ടെ മുള്ളേരിയയിലേതിന് 60 എംഡബ്ല്യുഎച്ച് ശേഷിയുമാണുള്ളത്. സർക്കാർ സ്ഥലം മാത്രം വിട്ടു നൽകി സ്വകാര്യ കമ്പനി സൗരോർജ്ജം സംഭരിച്ച് രാത്രിയിലെ നാലു മണിക്കൂർ നേരം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഇത് മൂലം സർക്കാറിന് യൂണിറ്റിന് ഏഴ് രൂപയുടെ അടുത്ത് മാത്രമേ ചെലവ് വരുന്നുള്ളൂ.

 

വയനാട് ജില്ലയ്ക്ക് വൈദ്യുതി ഭവൻ അടിയന്തരമായി വേണമെന്ന് സുൽത്താൻബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. മൂന്ന് ജില്ലകളിലേയും പ്രശ്‌നങ്ങളും വെല്ലുവിളികളും ഉദ്യോഗസ്ഥർ മന്ത്രിക്ക് മുമ്പാകെ ഉന്നയിച്ചു. മഴക്കാലത്ത് രാത്രികളിൽ ഒരു അധിക ലൈൻമാന്റെ ഡ്യൂട്ടി അനുവദിക്കാനുള്ള പ്രൊപോസൽ തയ്യാറാക്കി നൽകാൻ മന്ത്രി സണ്ണി ജോസഫ് നിർദേശം നൽകി. യോഗത്തിൽ എംഎൽഎമാരായ കെ. വി സുമേഷ്, വി കുഞ്ഞികൃഷ്ണൻ, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കെഎസ്ഇബി നോർത്ത് മലബാർ റീജ്യൻ ചീഫ് എഞ്ചിനീയർ ടി എസ് ജയശ്രീ, മറ്റ് വൈദ്യുത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news