ഗോത്ര മേഖലയിലെ കുടുംബശ്രീയുടെ ഇടപെടൽ മാതൃകാപരം: മന്ത്രി വി. അബ്ദു റഹിമാൻ
കൽപ്പറ്റ: ഗോത്രമേഖലയിലെ യുവജനങ്ങളുടെ കായിക മുന്നേറ്റത്തിനായി കുടുംബശ്രീ സംഘടിപ്പിക്കുന്ന സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ് ഫുട്ബോൾ ടൂർണമെന്റിന് കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ തുടക്കമായി. ടൂർണമെന്റിന്റെ സംസ്ഥാനതല ഉദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദു റഹിമാൻ നിർവഹിച്ചു. ഗോത്രവിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് കായികരംഗത്ത് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത അധ്യയന വർഷം മുതൽ ട്രൈബൽ വിദ്യാലയങ്ങളിൽ പ്രത്യേക കായിക സിലബസ് നടപ്പാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കാലിക്കറ്റ് സർവകലാശാലയുമായി സഹകരിച്ച് സ്പോർട്സ് എൻജിനീയറിങ്ങ്, ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ഏഴോളം വ്യത്യസ്ത കോഴ്സുകൾ ഉയർന്ന ക്ലാസുകളിലെ സിലബസിൽ ഉൾപ്പെടുത്തുമെന്നും, 2030-ലെ കോമൺവെൽത്ത് ഗെയിംസ് ഉൾപ്പെടെയുള്ള വേദികളിൽ കേരളത്തിലെ ഗോത്രവിഭാഗത്തിൽ നിന്നുള്ള കുട്ടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ വികസന പ്രക്രിയയിലും അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിലും മാലിന്യമുക്ത പ്രവർത്തനങ്ങളിലും കുടുംബശ്രീ നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പിൽ 7210 കുടുംബശ്രീ അംഗങ്ങൾ വിജയിച്ചത് സംഘടനയുടെ സാമൂഹിക സ്വീകാര്യതയ്ക്ക് തെളിവാണ്. കെ-ലിഫ്റ്റ് കാമ്പയിൻ വഴി മൂന്ന് ലക്ഷത്തിലധികം പേർക്ക് തൊഴിൽ നൽകാൻ സാധിച്ചത് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകളെ പ്രതിരോധിക്കാൻ പ്രാപ്തിയുള്ള കായിക പ്രതിഭകളെ വളർത്തിയെടുക്കുന്ന കുടുംബശ്രീയുടെ നീക്കം വയനാടിന് വലിയ ആത്മവിശ്വാസം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വിവിധ ജില്ലകളുടെ ജേഴ്സി പ്രകാശനം മന്ത്രിയും എം.എൽ.എയും കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥനും ചേർന്ന് നിർവഹിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി സ്വാഗതവും സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡാനിയോൽ ലിബിനി നന്ദിയും പറഞ്ഞു. ഹനീഫ കെ.കെ, ബിന്ദു പി.പി, ഗിരീഷ് കുമാർ, ഹരിത, റീന, രവി, കെ. റഫീഖ്, ജി. പ്രമോദ്, സഫിയ അസീസ, ഡോ. അഞ്ചൽ കൃഷ്ണകുമാർ, പ്രീത ജി. നായർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടനത്തിന് ശേഷം ഗോത്ര കലാകാരന്മാർ അവതരിപ്പിച്ച മംഗലംകളി, ഗദ്ദിക തുടങ്ങിയ പരമ്പരാഗത കലാപരിപാടികളും അരങ്ങേറി.





Leave a Reply