April 9, 2026

വോട്ടെടുപ്പിന് ജില്ല സജ്ജം; വോട്ട് ചെയ്യാന്‍ 6,42,693 പേര്‍ വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ

0
IMG_20260407_214149
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ല സജ്ജമായെന്ന് ജില്ലാ തെരഞ്ഞെടപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ഒരിക്കല്‍ കൂടി പരിശോധിച്ച് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നോഡല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഴുവനാളുകളും വോട്ട് രേഖപ്പെടുത്തണമെന്ന് പൊതു ജനങ്ങളോടും കളക്ടര്‍ അഭ്യര്‍ഥിച്ചു.

 

ജില്ലയില്‍ ആകെ 643625 വോട്ടര്‍മാര്‍

 

ജില്ലയില്‍ ആകെ 6,43,625 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 3,29038 സ്ത്രീകളും 3,14,584 പുരുഷന്മാരും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. സുല്‍ത്താന്‍ ബത്തേരിയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് 2,25,329 പേര്‍. കല്‍പ്പറ്റ മണ്ഡലത്തില്‍ 2,12,881 വോട്ടര്‍മാരും മാനന്തവാടിയില്‍ 2,05,415 വോട്ടര്‍മാരുമുണ്ട്. കല്‍പറ്റയില്‍ രണ്ടും സുല്‍ത്താന്‍ ബത്തേരിയില്‍ ഒന്നും ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരാണുള്ളത്.

ജില്ലയില്‍ ആകെ 2,318 പ്രവാസി വോട്ടര്‍മാരുണ്ട്. കല്‍പറ്റ മണ്ഡലത്തില്‍ 931 പേരും മാനന്തവാടിയില്‍ 742 പേരും സുല്‍ത്താന്‍ ബത്തേരിയില്‍ 645 പേരും പ്രവാസി വോട്ടര്‍മാരായി പട്ടികയിലുണ്ട്.

 

ആകെ 5,713 ഭിന്നശേഷിക്കാരായ വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. കല്‍പറ്റ മണ്ഡലത്തില്‍ 2,183 പേരും മാനന്തവാടിയില്‍ 2,157 പേരും സുല്‍ത്താന്‍ ബത്തേരിയില്‍ 1,373 പേരും ഈ വിഭാഗത്തിലുണ്ട്. ജില്ലയില്‍ ആകെ 968 മുതിര്‍ന്ന പൗരന്മാരായ വോട്ടര്‍മാരുണ്ട്. സുല്‍ത്താന്‍ ബത്തേരിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ 451 പേര്‍. മാനന്തവാടിയില്‍ 261 പേരും കല്‍പ്പറ്റയില്‍ 256 പേരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

 

ആകെ 715 പോളിംഗ് സ്റ്റേഷനുകള്‍

 

നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ 715 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. മാനന്തവാടി മണ്ഡലത്തില്‍ 237 ബൂത്തുകളും കല്‍പറ്റ മണ്ഡലത്തില്‍ 227 ബൂത്തുകളും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 251 ബൂത്തുകളും ഉള്‍പ്പെടുന്നു. ഒരു ബൂത്തില്‍ പരമാവധി 1200 വോട്ടര്‍മാര്‍ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

 

മൂന്ന് മണ്ഡലങ്ങളിലും സ്ത്രീകള്‍ നിയന്ത്രിക്കുന്ന പ്രത്യേക വനിതാ പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. മാനന്തവാടി മണ്ഡലത്തില്‍ 89-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനായ ലിറ്റില്‍ ഫ്‌ലവര്‍ അപ്പര്‍ പ്രൈമറി സ്‌കൂളാണ് വനിതാ പോളിംഗ് സ്റ്റേഷന്‍. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 126-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനായ പൂമല ഗവ. പ്രൈമറി സ്‌കൂളും, കല്‍പറ്റ മണ്ഡലത്തില്‍ 101-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനായ എച്ച്.ഐ.എം യു.പി സ്‌കൂളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവിടെ പോളിങ്ങ് ഉദ്യോഗസ്ഥര്‍ തുടങ്ങി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീകളായിരിക്കും.

 

ഭിന്നശേഷിയുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുകയും പൂര്‍ണമായും ഭിന്നശേഷി സൗഹൃദമായി രൂപകല്‍പ്പന ചെയ്യപ്പെട്ട ഒരു ബൂത്ത് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ മൂന്ന് മണ്ഡലങ്ങളിലും ഓരോ ജെന്‍സി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.

 

166 പ്രത്യേക സുരക്ഷാ ബൂത്തുകള്‍

 

ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലുമായി 166 പ്രത്യേക സുരക്ഷാ ബൂത്തുകളുമാണുള്ളത്. ഈ ബൂത്തുകളില്‍ സുഗമമായ പോളിങിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 87, കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 42, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ 37 വീതമാണ് പ്രത്യേക സുരക്ഷാ ബൂത്തുകള്‍. മൈക്രോ ഒബ്‌സെര്‍വറും സായുധ സേനയും ഉള്‍പ്പെടെയുള്ള സുരക്ഷ ഉറപ്പാക്കും.

 

പോളിങ് ബൂത്തുകള്‍ ക്യാമറ കണ്ണുകളില്‍ 

 

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ 715 പോളിങ് ബൂത്തുകളും ഫോര്‍ജി ക്യാമറ നിരീക്ഷണത്തിലായിരിക്കും. ജില്ലാ കണ്‍ട്രോള്‍ റൂമിന്റെ നിരീക്ഷണത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും കാര്യക്ഷവുമായി നടപ്പാക്കാന്‍ വേണ്ടി ഇലക്ഷന്‍ കമ്മീഷന്‍ മുഴുവന്‍ ബൂത്തുകളിലും ക്യാമറ സ്ഥാപിച്ച് കൊണ്ടാണ് കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷണം ഉറപ്പുവരുത്തുന്നത്. കലക്ടറേറ്റില്‍ പ്രത്യേകം സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമില്‍ 30 ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്ന വരെ ഓരോ ബൂത്തിലെയും ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കും. പിഴവുകള്‍ കാണുകയാണെങ്കില്‍ ഉടനടി ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍ മുഖേന നടപടി സ്വീകരിക്കും. ജില്ലാ കളക്ടര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, പോലീസ്, ഫയര്‍ഫോഴ്സ്, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, ഐ.ടി മിഷന്‍, അക്ഷയ, കെല്‍ട്രോണ്‍, കെ-ഫോണ്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പോളിങ് ദിവസം കണ്‍ട്രോള്‍ റൂമിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്ന് വെബ് കാസ്റ്റിങ് നോഡല്‍ ഓഫീസര്‍ എസ്. നിവേദ് അറിയിച്ചു.

 

സുരക്ഷാ ക്രമീകരണത്തിന് 3000 ലധികം പോലീസുകാര്‍ 

 

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിനായി ജില്ലാ പോലീസ് മേധാവി അരുണ്‍ കെ പവിത്രന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി ലോക്കല്‍ പോലീസ്, കേന്ദ്ര സായുധ സേന (ബി.എസ്.എഫ്), മഹാരാഷ്ട്ര സ്‌പെഷ്യല്‍ ആംഡ് പോലീസ്, ഐ.ആര്‍ ബറ്റാലിയന്‍, കേരള ആംഡ് പോലീസ്, എം.എസ്.പി, ആര്‍.ആര്‍.ആര്‍.എഫ്, എസ്.എ.പി, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 3000 ലധികം പേരെ വിവിധ കേന്ദ്രങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ട്. ജില്ലാ -സംസ്ഥാന അതിര്‍ത്തികളിലെ പിക്കറ്റ് പോസ്റ്റുകള്‍, പട്രോളിങ്, വാഹന പരിശോധന എന്നിവ ശക്തമായി തുടരും.

 

കല്‍പ്പറ്റ പോലീസ് സൊസൈറ്റി ഹാളില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ എസ്.പി കെ.എസ് ഷാജി ജില്ലയിലെ ഡി.വൈ.എസ്.പി മാര്‍, എസ്.എച്ച്.ഒ മാര്‍, എസ്.ഐ മാര്‍, സ്റ്റേഷന്‍ റൈറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

 

വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കണം

 

നിയമസഭാ പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വോട്ടര്‍മാര്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പോളിങ് ബൂത്തില്‍ എത്തിയാല്‍ ഒന്നാം പോളിങ് ഉദ്യോഗസ്ഥന്‍ വോട്ടറുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍ പട്ടികയിലെ വിവരങ്ങളും പരിശോധിച്ച് ഉറപ്പാക്കും. തുടര്‍ന്ന് രണ്ടാം പോളിങ് ഉദ്യോഗസ്ഥന്‍ കൈവിരലില്‍ മഷി പുരട്ടി, വോട്ട് രജിസ്റ്ററില്‍ സമ്മതിദായകന്റെ ഒപ്പ് രേഖപ്പെടുത്തി വോട്ട് ചെയ്യാന്‍ സ്ലിപ് കൈമാറും. വോട്ടിങ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിങ് ഉദ്യോഗസ്ഥന്‍ സ്ലിപ് കൈമാറി വിരളിലെ മഷിയടയാളം പരിശോധിക്കും.

 

വോട്ടര്‍ വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കുന്നതോടെ ബന്ധപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥന്‍ യന്ത്രം പ്രവര്‍ത്തന സജ്ജമാക്കും. ബാലറ്റ് യൂണിറ്റില്‍ തെളിയുന്ന റെഡി സൂചന വോട്ട് രേഖപ്പെടുത്താന്‍ സജ്ജമാണെന്നതാണ് അറിയിക്കുക. തുടര്‍ന്ന് വോട്ടര്‍ തിരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെ പേരിനോ ചിഹ്നത്തിനോ നേരെയുള്ള നീല ബട്ടണ്‍ അമര്‍ത്തണം. ബട്ടണ്‍ അമര്‍ത്തുന്നയുടന്‍ അതുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ ഭാഗത്ത് ലൈറ്റ് തെളിയുന്നത് വോട്ട് രേഖപ്പെടുത്തിയതിന്റെ അടയാളമാണ്.അതോടൊപ്പം വിവിപാറ്റ് സംവിധാനത്തില്‍ തിരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ട ബാലറ്റ് സ്ലിപ്പ് പ്രിന്റ് ചെയ്ത കുറച്ചുനേരം ദൃശ്യമാകും. ഇതുവഴി രേഖപ്പെടുത്തിയ വോട്ട് ശരിയായതാണോ എന്ന് പരിശോധിക്കാന്‍ സാധിക്കും.

 

സ്ലിപ്പ് ദൃശ്യമാകാതിരിക്കുകയോ ശബ്ദസൂചന ലഭിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ ഉടന്‍ തന്നെ ബൂത്തിലെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തണം. പ്രിന്റ് ചെയ്യുന്ന സ്ലിപ്പ് യന്ത്രത്തിനുള്ളില്‍ തന്നെ സൂക്ഷിക്കപ്പെടുന്നതായിരിക്കും.

അവസാനം കണ്ട്രോള്‍ യൂണിറ്റില്‍ നിന്നുള്ള ശബ്ദസൂചന ലഭിക്കുന്നതോടെ വോട്ട് രേഖപ്പെടുത്തല്‍ നടപടികള്‍ പൂര്‍ത്തിയായതായി സ്ഥിരീകരിക്കും.

 

രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെ വോട്ട് ചെയ്യാം.വോട്ടെടുപ്പിനിടെ മൊബൈല്‍ ഫോണ്‍ ബൂത്തിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനമൊരുക്കും. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാം. വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ ശക്തമായ സുരക്ഷയില്‍ സൂക്ഷിക്കുകയും ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലെ സ്‌ട്രോങ്ങ് റൂമികളിലേക്ക് മാറ്റുകയും ചെയ്യും.

 

പാര്‍ട്ടി കൗണ്ടറുകള്‍ 100 മീറ്റര്‍ അകലെ

 

തെരഞ്ഞെടുപ്പ് ദിവസം ബൂത്തുകളില്‍ നിന്ന് കുറഞ്ഞത് 100 മീറ്റര്‍ അകലെയായിരിക്കണം രാഷ്ട്രീയ പാര്‍ട്ടികളുടെ കൗണ്ടറുകള്‍ സ്ഥാപിക്കേണ്ടത്. ഓരോ കൗണ്ടറിലും രണ്ട് പേരില്‍ കൂടുതല്‍ ഇരിക്കരുത്. വോട്ടര്‍ സ്ലിപ്പ് വിതരണം ചെയ്യുന്നതൊഴികെ യാതൊരു വിധത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും അനുവദനീയമല്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *