അലയടിച്ച് ആവേശം; വയനാടിനെ ഇളക്കിമറിച്ച് കൊട്ടിക്കലാശം
കൽപ്പറ്റ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു. നാടും നഗരവും നിറഞ്ഞ് മുന്നണികളുടെ കൊട്ടിക്കലാശം. ഒരു മാസത്തിൽ താഴെ മാത്രം നിന്ന പരസ്യപ്രചാരണത്തിന് വൈകുന്നേരം ആറുമണിക്കാണ് തിരശ്ശീല വീണത്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ വിവിധ മുന്നണികളുടെ പ്രവർത്തകരിൽ ആവേശം നിറച്ച് കൊട്ടിക്കലാശം. ദിവസങ്ങൾ നീണ്ടുനിന്ന പോർവിളിക്കൊടുവിൽ ഓരോ മണ്ഡലങ്ങളിലും കൊട്ടിക്കലാശം ആവേശമാക്കാൻ സ്ഥാനാർഥികളും പ്രവർത്തകരും അരയും തലയും മുറുക്കി രംഗത്തെത്തി. റോഡ് ഷോയും റാലികളുമായാണ് സ്ഥാനാർഥികളും പ്രവർത്തകരും മണ്ഡലത്തിലെ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. വ്യത്യസ്തങ്ങളായ കാഴ്ചകളാലും കൊട്ടിക്കലാശം ആവേശമായി മാറി. യുഡിഎഫിന്റെ കൊട്ടിക്കലാശത്തിന് ആവേശം പകർന്ന് പ്രയങ്കാഗാന്ധിയുടെ സാനിധ്യം. കൂടാതെ കർണാടക റെവന്യൂമന്ത്രി കൃഷ്ണഭൈര ഗൗഡയും. കൽപ്പറ്റയിലും ബത്തേരിയിലും മാനന്തവാടിയിലും ആവേശം ആളിക്കത്തിച്ചായിരുന്നു പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം.
കഴിഞ്ഞ 25 ദിവസങ്ങൾ നീണ്ട പരസ്യപ്രചരണത്തിന് അവസാനം കുറിച്ച് കൽപ്പറ്റയിൽ നടന്ന ഇടതുപക്ഷ സ്ഥാനാർഥി പി കെ അനിൽകുമാറിന്റെ കൊട്ടിക്കലാശത്തിൽ ആവേശം അലതല്ലി. വൈകിട്ടോടെ നൂറുകണക്കിന് എൽഡിഎഫ് പ്രവർത്തകരാണ് പിണങ്ങോട് ജംഗ്ഷനിലേക്ക് ഒഴുകിയെത്തിയത്. ബാൻഡും മേളവും ആവേശ താളം പകർന്നു. തുറന്ന വാഹനത്തിൽ സ്ഥാനാർഥി പി കെ അനിൽകുമാർ എത്തിയതോടെ അണികളുടെ ആവേശം ഇരട്ടിച്ചു. എൽഡിഎഫ് നേതാക്കൾക്കൊപ്പം തുറന്ന വാഹനത്തിൽ അനിൽകുമാർ വോട്ടർമാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് പിണങ്ങോട് ജംഗ്ഷനിൽ നിന്നും കൽപ്പറ്റ പഴയ ബസ്സ് സ്റ്റാൻഡ് വരെ നീങ്ങി. റോഡിന് ഇരുപക്ഷവും നൂറുകണക്കിന് പേരാണ് സ്ഥാനാർത്ഥിയെ അഭിവാദ്യം ചെയ്യാൻ എത്തിയത്. ചിത്രമടങ്ങിയ പ്ലക്കാർഡും, കൊടികളും വീശി എൽഡിഎഫ് പ്രവർത്തകർ വാഹനത്തെ അനുഗമിച്ചു. കൊട്ടിക്കലാശത്തിലെ സ്ത്രീകളുടെ പങ്കാളിത്തം ഏറെ ശ്രദ്ധ നേടി.
പിണങ്ങോട് ജംഗ്ഷൻ കേന്ദ്രീകരിച്ച് ആയിരുന്നു കൊട്ടി ക്കലാശ ത്തിന്റെ അവസാനം നിമിഷങ്ങൾ അരങ്ങേറിയത്. ബാൻഡ് മേളത്തിനൊപ്പം അണികൾ സ്ഥാനാർത്ഥിയെ എടുത്തുയർത്തി നൃത്തം വച്ചു. ചൂരൽ മല ദുരന്തത്തിന്റെ പേരിൽ പണം പിരിച്ചെടുത്ത കോൺഗ്രസിനെതിരെയുള്ള പ്രതിഷേധ സ്വരമാണ് കൊ ട്ടി ക്കലാശത്തിൽ ഉയർന്നത്. നഗരം കേന്ദ്രികരിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കി പഞ്ചായത്ത്തലത്തിൽ ആയിരുന്നു കൊട്ടിക്കലാശം. കൽപ്പറ്റക്കു പുറമേ പടിഞ്ഞാറത്തറ,മുട്ടിൽ, കോട്ടത്തറ,മുട്ടിൽ, വൈത്തിരി, പൊഴുതന, കാവുമന്ദം , മേപ്പാടി, കമ്പളക്കാട് എന്നിവിടങ്ങളിലുംകൊട്ടിക്കാലമുണ്ടായിരുന്നു. എൽഡിഎഫ് ജില്ലാകൺവീനർ, സി.കെ.ശശീന്ദ്രൻ, കെ.കെ. ഹംസ, ഷാജിചെറിയാൻ,എം മധു, ടി മണി, വി.ഹാരിസ്, തുടങ്ങിയ നേതാക്കൾ കൊട്ടിക്കാലശയത്തിന് നേതൃത്വം നൽകി.
പ്രിയങ്കഗാന്ധിയെ കാണാനും സ്ഥാനാർത്ഥികൾക്ക് അഭിവാദ്യമർപ്പിക്കാനുമായി നിരവധി പേരാണ് യുഡിഎഫിന്റെ കൊട്ടിക്കലാശത്തിനെത്തിയത്. പതാകകളും മുദ്രാവാക്യം വിളികളുമായി ആവേശഭരിതമായിരുന്നു യുഡിഎഫിന്റെ പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷങ്ങൾ. യു ഡി എഫ് അധികാരത്തിലെത്തിയാൽ വയനാട് അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങൽക്ക് പരിഹാരം കാണുമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. കൽപ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ. ടി സിദ്ദിഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം പടിഞ്ഞാറത്തറയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി. കഴിഞ്ഞ പത്തുവർഷക്കാലത്തെ ഇടതുഭരണത്തിൽ ജില്ലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ വർധിക്കുകയാണ് ചെയ്തത്. എം പിയെന്ന നിലയിൽ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണ ലഭിക്കുന്നില്ലെന്നും എം പി പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷമാണ് വയനാട് അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്‌നം. വന്യമൃഗ ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടമാകുന്നു. വ്യാപകമായി കൃഷിനാശമുണ്ടാകുന്നു. യു ഡി എഫ് ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ പ്രായോഗിക നടപടികൾ സ്വീകരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
ബത്തേരിയെ ഇളക്കി മറിച്ച് ബത്തേരി മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി എ എസ് കവിതയുടെ കൊട്ടിക്കലാശം. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും കൊടി തോരണങ്ങൾ ഉയർത്തിയും സ്ഥാനാർഥിക്കായി ആർപ്പുവിളിച്ചു. അമ്മമാരും മുതിർന്നവരും അടക്കം വഴിനീളെ നൃത്തം ചെയ്താണ് സ്ഥാനാർത്ഥിയെ വരവേറ്റത്. കൈകൊട്ടി പാട്ടും ചെണ്ടമേളവും എല്ലാം ഒരുക്കിയായിരുന്നു എൻഡിഎയുടെ റോഡ് ഷോ. സമാപനസ്ഥലമായ ചുങ്കം റോഡ് പരിസരത്ത് സ്ഥാനാർഥി പ്രവർത്തകരോടൊപ്പം നൃത്തം ചെയ്തു. വഴിനീളെ സ്ഥാനാർത്ഥിയെ കാണുവാൻ ആളുകൾ തടിച്ചുകൂടി. ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയെ ജയിപ്പിച്ചാൽ ബത്തേരി ഇതുവരെ കാണാത്ത വികസനം കൊണ്ടുവരുമെന്ന് സ്ഥാനാർത്ഥി പറഞ്ഞു. ഒരുവോട്ട് ബത്തേരിയുടെ മുഖച്ഛായ മാറ്റുമെന്നും നരേന്ദ്രമോദിയുടെ മോഡൽ വികസനമാണ് ഇവിടെ വേണ്ടതെന്നും സ്ഥാനാർഥി പറഞ്ഞു. എൻ ഡി എ സ്ഥാനാർഥി ഏറെനേരം പ്രവർത്തകർക്കും നാട്ടുകാർക്കും ഒപ്പം നൃത്തം ചെയ്യുകയും സൗഹൃദം പങ്കിടുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശകരമായ സമാപ്തി കുറിച്ചുകൊണ്ട് എന്‍ഡിഎ സ്ഥാനാര്‍ഥി പ്രശാന്ത് മലവയല്‍ കല്‍പ്പറ്റയില്‍ നടത്തിയ റോഡ് ഷോ പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ഹരംപകര്‍ന്നു. നൂറുകണക്കിന് പ്രവര്‍ത്തകരും യുവജനങ്ങളും അണിനിരന്ന പ്രകടനം കല്‍പ്പറ്റ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ കാവിക്കടലാക്കി മാറ്റി. മുദ്രാവാക്യം വിളികളും കൊടിതോരണങ്ങളുമായി റോഡിനിരുവശവും തടിച്ചുകൂടിയ ജനങ്ങള്‍ സ്ഥാനാര്‍ത്ഥിക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് നല്‍കിയത്.
വിവിധയിനം നൃത്തരൂപങ്ങള്‍, ചെണ്ടമേളം, നാസിക് ഡോള്‍ തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോ നഗരത്തിന് ഉത്സവപ്രതീതി പകര്‍ന്നു. കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സമാപിച്ചത്. സ്ഥാനാര്‍ത്ഥിയെ നേരില്‍ കാണാനും അഭിവാദ്യം ചെയ്യാനും സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനക്കൂട്ടം റോഡ് ഷോയിലുടനീളം അണിനിരന്നു. അവസാനഘട്ട പ്രചാരണത്തിന് കരുത്തുപകരുന്നതായിരുന്നു മണ്ഡലത്തിലെ ഈ ശക്തിപ്രകടനം.





Leave a Reply