നിങ്ങളുടെ യുപിഐ പേയ്‌മെന്റുകള്‍ ഇനി 1 മണിക്കൂര്‍ വൈകും; പുതിയ നിർദേശവുമായി ആർബിഐ
അക്കൗണ്ടിലുള്ള പണം ബാങ്കിലൊന്നും പോകാതെ തന്നെ ഒരാവശ്യം വന്നാൽ എത്രദൂരത്ത് ആണേലും ആർക്കും അയക്കാം എന്നതാണ് യുപിഐ ഇടപാടുകളെ ജനപ്രിയമാക്കുന്നത്. അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാലതാമസമില്ലാതെ പണം അപ്പുറത്തെത്തും.
എന്നാൽ ആ ഉടനടി സ്വഭാവം യുപിഐക്ക് നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന. പതിനായിരത്തിന് മുകളിലുള്ള തുക യുപിഐ ആയി അയക്കുമ്പോൾ ഒരു മണിക്കൂർ കാലതാമസം വേണം എന്ന് ഒരു നിർദേശം ആർബിഐ ഡിസ്കഷൻ പേപ്പറായിവെച്ചു കഴിഞ്ഞു. ഇത് വ്യക്തിഗത ഇടപാടുകൾക്കാണ് ബാധകമാവുകയെന്ന് പേപ്പറിൽ പറയുന്നുണ്ട്. രാജ്യത്ത് പെരുകുന്ന ഡിജിറ്റൽ തട്ടിപ്പുകൾ കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നിർദേശം.
നിദേശപ്രകാരം 10,000ത്തിന് മുകളിലുള്ള വ്യക്തിഗത ഇടപാടുകൾ ഈ മട്ടിലായിരിക്കും. അതായത് നിങ്ങൾ മറ്റൊരാൾക്ക് 10,000 രൂപ അയക്കുന്നു. പെട്ടെന്ന് തന്നെ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പോകും. എന്നാൽ അയച്ചയാളിന് അത് അപ്പോൾ എത്തുകയുമില്ല. അതിന് ഒരു മണിക്കൂർ സമയമെടുക്കും. ആ ഒരു മണിക്കൂറിനിടെ ഏത് സമയത്തും നിങ്ങൾക്ക് ആ ഇടപാട് ക്യാൻസൽ ചെയ്യാം. ഈ ഒരു മണിക്കൂറിനെ റിസർവ് ബാങ്ക് വിളിക്കുന്നത് ‘ഗോൾഡൻ ഹവർ’ എന്നാണ്. അയച്ചുകഴിഞ്ഞ് എപ്പോഴെങ്കിലും ഇത് വേണ്ടായിരുന്നെന്നോ ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്നോ അയച്ചയാൾക്ക് തോന്നിയാൽ അത് പിൻവലിക്കാം. അതായത് പണം അയയ്ക്കാനുള്ള തീരുമാനം ഈ 1 മണിക്കൂര്‍ വിന്‍ഡോയ്ക്കുള്ളില്‍ പരിഷ്‌കരിക്കാനോ, ക്യാന്‍സല്‍ ചെയ്യാനോ ഉപയോക്താവിന് സാധിക്കുമെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
പി 2 പി ഇടപാടുകള്‍ക്കു മാത്രമാകും ഈ പരിഷ്‌കരണം ബാധകമാകുക. കൂടാതെ 10000 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള കൈമാറ്റങ്ങള്‍ക്കു മാത്രമാകും 1 മണിക്കൂര്‍ വിന്‍ഡോ പ്രവര്‍ത്തിക്കുക.
ഡിജിറ്റല്‍ തട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ബിഐ നടപടി. ഡിജിറ്റല്‍ അറസ്റ്റ് പോലുള്ള തട്ടിപ്പുകളെ പറ്റി മുന്നറിയിപ്പ് നല്‍കിയിട്ടും പണം നഷ്ടപ്പെടുത്തുന്നവര്‍ ഏറെയാണ്. തങ്ങളുടെ തീരുമാനങ്ങള്‍ വിലയിരുത്തുന്നതിനോ, ചര്‍ച്ച ചെയ്യുന്നതിനോ ഇത്തരം തട്ടിപ്പുകള്‍ക്കിടെ ഇരകള്‍ക്ക് സമയം കിട്ടുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് 1 മണിക്കൂര്‍ വിന്‍ഡോ എന്ന ആശയം ആര്‍ബിഐ മുന്നോട്ടുവയ്ക്കുന്നത്. ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നടത്തുന്ന പേയ്മെന്റുകള്‍ക്ക് ഈ നിയമം ബാധകമാകില്ലെന്നും പ്രത്യേകം ഓര്‍ക്കുക.
പ്രസ്തുത പദ്ധതിയുടെ പൈലറ്റുമായി ആര്‍ബിഐ മുന്നോട്ടുപോകുകയാണ്. ഈ നിർദേശം ഇപ്പോഴും ചർച്ചകളിലാണ്. പ്രാബല്യത്തിലായിട്ടില്ല. പദ്ധതിയെ പറ്റി ഉപയോക്താക്കളില്‍ നിന്നുള്ള പ്രതികരണവും റിസര്‍വ് ബാങ്ക് തേടിയിട്ടുണ്ട്. ഉപയോക്താക്കളുടെ സുരക്ഷ മുന്നില്‍ കണ്ടാണ് ആര്‍ബിഐ ഇടപെടല്‍ എന്ന് വിദഗ്ധരും പറയുന്നു.





Leave a Reply