കെ.ജെ. എൽദൊ അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു
കൽപ്പറ്റ: കൽപ്പറ്റ എം.ജി.ടി ഹാളിൽ കെ.ജെ. എൽദൊ അനുസ്മരണവും ‘ഫാസിസ്റ്റ് കാലത്തെ ഇടത് പക്ഷം’ എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. കേരള കൾച്ചറൽ ഫോറം കൺവീനർ വേണുഗോപാലൻ കുനിയിൽ സെമിനാറിൽ വിഷയമവതരിപ്പിച്ചു. ഫാസിസ്റ്റ് കാലത്ത് അതിനെ എതിർത്തുകൊണ്ട് നിലപാടെടുത്ത് തെരുവിലിറങ്ങുന്ന ജനങ്ങളാണ് യഥാർത്ഥ ഇടത് പക്ഷമെന്നും ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിനകത്ത് ഫാസിസത്തിന്റെ പ്രയോക്താക്കളായ ആർ.എസ്.എസ്-ബി.ജെ.പി സഖ്യവുമായി നീക്കുപോക്കുകൾ നടത്തുന്ന പാർട്ടികളും മുന്നണികളും ചെങ്കൊടി പിടിച്ചും വർഗ്ഗവഞ്ചകരാകാമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനുവാദ-ജാതി വ്യവസ്ഥ അടിസ്ഥാനമാക്കി ഇന്ത്യൻ ഭരണഘടന തന്നെ തിരുത്തിയെഴുതാനുതകുന്ന വിധത്തിലുള്ള നിയമ ഭേദഗതികൾ നടത്തിക്കൊണ്ടും തെരുവുകളിൽ മർദ്ദിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ ആക്രമണം അഴിച്ചു വിട്ടുകൊണ്ടും രാഷ്ട്രീയാധികാര പ്രയോഗം നടത്തുന്ന ഫാസിസത്തിനെതിരെ ജനകീയമായ പ്രതിരോധം സൃഷ്ടിക്കുന്നതാണ് ഇടത് പക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചയിൽ എൻ. ബാദുഷ (വയനാട് പ്രകൃതി സംരക്ഷണ സമിതി), ഡോ. പി. ജി. ഹരി (ജനകീയ ആരോഗ്യ-മനുഷ്യാവകാശ പ്രവർത്തകൻ), പി.കെ ഭഗത് (SUCI-കമ്യൂണിസ്റ്റ്), അഡ്വ. സുനിൽ ജോസഫ് (TUCI), ഷമീർ പറമ്പൻ (SDPI), വി.എ. ബാലകൃഷ്ണൻ (CPIML റെഡ് സ്റ്റാർ) എന്നിവർ സംസാരിച്ചു. അനുസ്മരണ സമിതി കൺവീനർ കെ.വി. പ്രകാശ് മോഡറേറ്ററായ ചടങ്ങിൽ എം.കെ. ഷിബു നന്ദി പറഞ്ഞു.





Leave a Reply