വയനാട് ജില്ലയിലെ മുഴുവൻ സീറ്റുകളും യു.ഡി.എഫ് തൂത്തുവാരും: പി.വി. അൻവർ
കോഴിക്കോട്: എക്സിറ്റ് പോൾ ഫലങ്ങളും ഔദ്യോഗിക വോട്ടെണ്ണലും വരാനിരിക്കെ, സംസ്ഥാനത്ത് യു.ഡി.എഫ് വൻ മുന്നേറ്റം നടത്തുമെന്ന പ്രവചനവുമായി ബേപ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവർ. താൻ മത്സരിക്കുന്ന ബേപ്പൂരിൽ വിജയം സുനിശ്ചിതമാണെന്നും വയനാട്, മലപ്പുറം ജില്ലകളിലെ മുഴുവൻ സീറ്റുകളും യു.ഡി.എഫ് തൂത്തുവാരുമെന്നും അദ്ദേഹം പ്രവചിക്കുന്നു. 140 അംഗ നിയമസഭയിൽ 89 സീറ്റുകൾ നേടി യു.ഡി.എഫ് ഭരണത്തിലെത്തുമെന്നാണ് തന്റെ ഫേസ്ബുക്ക് പോഡ്കാസ്റ്റിലൂടെ അൻവർ അവകാശപ്പെടുന്നത്.
മേഖലാടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം മലബാറിൽ യു.ഡി.എഫിന് വലിയ മേൽക്കൈ ഉണ്ടാകും. മലബാറിലെ 60 സീറ്റുകളിൽ 40 എണ്ണവും മുന്നണി നേടും. മധ്യകേരളത്തിൽ 32ൽ 21 സീറ്റുകളും തെക്കൻ കേരളത്തിൽ 48ൽ 25 സീറ്റുകളും യു.ഡി.എഫിന് ലഭിക്കുമെന്ന് അൻവർ പറയുന്നു. ശക്തമായ ഭരണവിരുദ്ധ തരംഗം മലബാറിൽ ആഞ്ഞടിക്കുമെന്നും അത് ഫലത്തിൽ പ്രതിഫലിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപക്ഷം 10,000ൽ താഴെയാകാൻ സാധ്യതയുണ്ടെന്നും, ഒരുപക്ഷേ അദ്ദേഹം പരാജയപ്പെട്ടാൽ പോലും അത്ഭുതപ്പെടാനില്ലെന്നും അൻവർ പറയുന്നു. മലമ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർഥി എസ്. സുരേഷ് വിജയിക്കും. പേരാമ്പ്ര, ബാലുശേരി, എലത്തൂർ എന്നീ മണ്ഡലങ്ങളിൽ ശക്തമായ മത്സരം നടക്കും.





Leave a Reply