തുടർച്ചയായ ഇടിവിന് ശേഷം വീണ്ടും ഉയർന്ന് സ്വർണവില; പുതിയ നിരക്ക് അറിയാം
കൽപ്പറ്റ: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് 600 രൂപ വർധിച്ച് 1,15,160 രൂപയായി. ഗ്രാമിന് 75 രൂപ വർധിച്ച് 14,395 രൂപയായി. ഇന്നലെ 1,14,560 രൂപയായിരുന്നു പവൻ വില.
തുടർച്ചയായ ദിവസങ്ങളിലെ ഇടിവിന് ശേഷമാണ് സ്വർണവില ഉയർന്നത്. അവസാന മൂന്ന് വ്യാപാര ദിവസത്തിൽ സ്വർണവിലയിലുണ്ടായത് പവന് 4480 രൂപയുടെ ഇടിവായിരുന്നു. കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ കൂട്ടിയതോടെ കഴിഞ്ഞയാഴ്ച രാജ്യത്ത് സ്വർണവിലയിൽ ഒറ്റയടിക്ക് പവന് 10,200 രൂപയുടെ വർധനവുണ്ടായിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,23,120 രൂപയായി ഉയർന്നിരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ 4.35 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് ഉയർത്തിയത്.
ഇറക്കുമതി കുറയ്ക്കാനും വ്യാപാര കമ്മി നിയന്ത്രിക്കാനും ലക്ഷ്യമിട്ടായിരുന്നു വർധന. എന്നാൽ, അന്ന് വൈകീട്ട് തന്നെ വിലയിൽ കുറവുണ്ടായി. പവന് 1,18,800ലെത്തി. മെയ് 14ന് നേരിയ വർധനവ്. അതിനു ശേഷം തുടർച്ചയായി ഇടിവാണ് വിലയിലുണ്ടായത്. മെയ് 15ന് രാവിലെ 1,17,400 രൂപയായിരുന്നത് വൈകീട്ടോടെ 1,15,800 രൂപയായി കുറഞ്ഞു. മെയ് 16നും 17നും അവധിയായിരുന്നു. ഇന്നലെ പവന് 560 രൂപയും കുറഞ്ഞു. മൂന്ന് ദിവസം കൊണ്ട് 4480 രൂപയുടെ കുറവുണ്ടായതിന് പിന്നാലെയാണ് ഇന്ന് വില ഉയർന്നത്.
ഇറാനെതിരായ ആക്രമണം തുടരാനുള്ള തീരുമാനത്തിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറിയതാണ് സ്വർണവിലയെ സ്വാധീനിച്ചത്. ട്രംപിന്റെ പിന്മാറ്റത്തിന് പിന്നാലെ അസംസ്‌കൃത എണ്ണവില ഇടിയുകയും എണ്ണവില ഉയരുകയുമായിരുന്നു. അസംസ്‌കൃത എണ്ണയുടെ വിലയിൽ രണ്ട് ശതമാനത്തോളം ഇടിവ് നേരിട്ടു.





Leave a Reply