May 21, 2026

നിർമ്മിത ബുദ്ധിയും കൃഷിയും: അമ്പലവയലിലെ സമ്മർ ക്യാമ്പ് കുട്ടികൾക്ക് നവ്യാനുഭവമായി

0
IMG_20260521_121946
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ: സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സെന്റർ വയനാട്, അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച “നിർമ്മിത ബുദ്ധിയും കൃഷിയും” സമ്മർ ക്യാമ്പ് കുട്ടികൾക്ക് വ്യത്യസ്തവും വിജ്ഞാനപ്രദവുമായ അനുഭവമായി മാറി. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പത് കുട്ടികളാണ് പങ്കെടുത്തത്. കൃഷിയിലും ദൈനംദിന ജീവിതത്തിലും നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ എന്തൊക്കെയാണെന്ന് പ്രായോഗിക പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ചാറ്റ് ജിപിടി, മെറ്റാ, ജെമിനി തുടങ്ങിയ എ.ഐ. ടൂളുകളുടെ സഹായത്തോടെ അടുക്കളത്തോട്ടം, പൂന്തോട്ടം, ഫലവൃക്ഷത്തോട്ടം തുടങ്ങിയ കാർഷിക പദ്ധതികൾ രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ചത് കുട്ടികളിൽ ഏറെ ആവേശമുണർത്തി.

 

ഗ്രൂപ്പുകളായി തിരിച്ച കുട്ടികൾ എ.ഐ.യുടെ നേട്ടങ്ങളും പരിമിതികളും ഭാവി സാധ്യതകളും ചർച്ച ചെയ്ത് അവതരിപ്പിച്ചു. ശാസ്ത്രബോധം, സാങ്കേതികവിദ്യയുടെ ഉത്തരവാദിത്വപരമായ ഉപയോഗം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലും ക്ലാസുകളും സംവാദങ്ങളും നടന്നു. ക്യാമ്പിന്റെ ഭാഗമായി ഹൈഡ്രോപോണിക്സ് കൃഷിരീതികൾ, പോളിഹൗസുകൾ, കാർഷിക നേഴ്സറികൾ, പൂപ്പൊലി ഗാർഡനുകൾ എന്നിവ സന്ദർശിക്കാനും ഗവേഷണ കേന്ദ്രത്തിലെ റിസർച്ച് ഓഫീസർമാരുടെ സഹായത്തോടെ വിവിധ കാർഷിക സാങ്കേതികവിദ്യകൾ നേരിൽ മനസ്സിലാക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു. വാനനിരീക്ഷണം, പക്ഷിനിരീക്ഷണം, ട്രക്കിംഗ് തുടങ്ങിയവ ക്യാമ്പിനെ ശ്രദ്ധേയമാക്കി. കോറി പ്രവർത്തനങ്ങളാൽ തകർന്ന മഞ്ഞപ്പാറ പ്രദേശത്തേക്കുള്ള ട്രക്കിംഗ് കുട്ടികളിൽ പ്രകൃതി സംരക്ഷണബോധവും പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ ആവശ്യകതയുമുണർത്തി. വിവിധ ഗ്രൂപ്പ് ഗെയിമുകളും നിർമ്മാണ പ്രവർത്തനങ്ങളും ക്യാമ്പിനെ സജീവമാക്കിയിരുന്നു. സാധാരണ ക്യാമ്പുകളിൽ നിന്ന് വ്യത്യസ്തമായി ഓരോ നിമിഷവും ആസ്വദിക്കാനായെന്നും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനായെന്നും അഭിപ്രായപ്പെട്ട കുട്ടികൾ, ക്യാമ്പ് ദിവസങ്ങൾ കൂടുതൽ നീട്ടണമെന്ന ആഗ്രഹവും പങ്കുവച്ചു.

 

പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. അബ്ദുൽ ഹക്കീം വി.എം. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ഡോ. വി.പി. രാജൻ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. സ്റ്റെർക്ക് ചെയർമാൻ പ്രൊഫ. കെ. ബാലഗോപാലൻ ക്യാമ്പ് വിശദീകരിച്ചു. സജു രവീന്ദ്രൻ, കെ.ടി. ശ്രീവൽസൻ, ഡോ. ശ്രീരാം വിഷ്ണു, ടോമി എം.എം., ഡോ. ആർ.എൽ. രതീഷ്, പീറ്റർ ഒ.കെ., എ.സി. മാത്യൂസ്, വി.എം. രത്നം, ജോസ് കെ.എസ്.എസ്.പി. എന്നിവർ വിവിധ ക്ലാസുകൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. കുട്ടികളുടെ നേതൃത്വത്തിൽ നടന്ന സമാപന സമ്മേളനത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി പി. അനിൽകുമാർ മുഖ്യ അതിഥിയായിരുന്നു. കൃഷി വിജ്ഞാന കേന്ദ്രം അസോസിയേറ്റ് പ്രൊഫസർ ഡോ. ദീപ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. കുട്ടികളുടെ പ്രതിനിധികളായ കിരൺ പി. ഷിജു, സിനിഗ്‌ധ പി.എസ്., ദേവ് കൃഷ്ണ ലെനീഷ്, അക്ഷയ് കെ. വിനിഷ്, അശ്വിൻ കൃഷ്ണ എന്നിവരാണ് സമാപന സമ്മേളനം നിയന്ത്രിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *