കൺസ്യൂമർഫെഡ് ത്രിവേണി സ്കൂൾ മാർക്കറ്റ് തുറന്നു പൊതു വിപണിയിൽ ആശ്വാസമായി സർക്കാർ ഇടപെടലുണ്ടാവും : ഐസി ബാലകൃഷ്ണൻ എംഎൽഎ
കൽപ്പറ്റ: പൊതു വിപണിയിൽ സാധാരണക്കാർക്ക് ആശ്വാസമേകാൻ സർക്കാരിന്റെ നിരന്തരമായ ഇടപെടൽ ഉണ്ടാകുമെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ.പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആശ്വാസമേകാൻ കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച ത്രിവേണി സ്കൂൾ മാർക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ത്രിവേണി അങ്കണത്തിൽ വെച്ച് നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിപണിയിൽ കൃത്യമായി ഇടപെടുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണെന്നും സ്കൂൾ സീസണിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമുണ്ടാകുന്ന സാമ്പത്തിക ഭാരം ലഘൂകരിക്കാൻ ഇത്തരം സർക്കാർ സംരംഭങ്ങളുടെ വിപണിയിടപെടലുകൾ വലിയ രീതിയിൽ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കൺസ്യൂമർഫെഡ് ഡയറക്ടർ ഗോകുൽദാസ് കോട്ടയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡണ്ട് ടി. ഹംസ എന്നിവർ മുഖ്യാതിഥികളായിരുന്നു.
വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരുമായ പി.എൽ.സി. മെമ്പർ പി.പി. ആലി, അബ്ദുൾ റഷീദ് തിണ്ടുമ്മൽ,മൊയ്തീൻ ബാപ്പു,പി.കെ. അനിൽകുമാർ ( കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ)പി.കെ. അബ്ദുൽ ഗഫൂർ,രാജൻ മാസ്റ്റർ,അജീഷ് പി,റാണി ആന്റണി,സി ജയപ്രസാദ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഗുണനിലവാരമുള്ള സ്കൂൾ പഠനോപകരണങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ത്രിവേണി സ്കൂൾ മാർക്കറ്റിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് കൺസ്യൂമർഫെഡ് അധികൃതർ അറിയിച്ചു.





Leave a Reply