May 30, 2026

വന്യമൃഗ ആക്രമണം: ഹോട്ട് സ്പോട്ടുകളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കാൻ പ്രത്യേക മിഷനെന്ന് മന്ത്രി ടി സിദ്ദിഖ്

0
WhatsApp Image 2026-05-30 at 8.26.32 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന ജില്ലയിലെ എല്ലാ ഹോട്ട് സ്പോട്ടുകളിലും സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി ഒരു പ്രത്യേക ‘മിഷൻ’ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. കലക്ടറേറ്റിൽ ചേർന്ന മനുഷ്യ- വന്യമൃഗ സംരക്ഷണ ലഘൂകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനായി ദുരന്തനിവാരണ ഫണ്ട്, സി എസ് ആർ ഫണ്ട് എന്നിവ ഉപയോഗിക്കും. ജില്ലയിൽ എത്ര ഹോട്ട്സ്പോട്ടുകൾ ഉണ്ടെന്നും അതിന് വരുന്ന ആകെ ചെലവ് എത്രയാണെന്നും കണക്കാക്കാൻ മന്ത്രി നിർദേശിച്ചു.

മുമ്പ് വന്യമൃഗ ആക്രമണം നടന്ന് പരിക്കേറ്റ് വീട്ടിൽ കിടപ്പിലായ രോഗികളുടെ ജീവിത സാഹചര്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാൻ നടപടി സ്വീകരിക്കും. ഇതിനായി അത്തരം ആളുകളുടെ ഡാറ്റ ശേഖരിക്കാനും അവരുടെ അവസ്ഥ റിപ്പോർട്ട് ചെയ്യാനും മന്ത്രി നിർദേശിച്ചു. ഇത് സംബന്ധിച്ച് വനംവകുപ്പ് മന്ത്രിയുമായി സംസാരിച്ച് തുടർനടപടികൾ സ്വീകരിക്കും. വന്യമൃഗ ആക്രമണങ്ങളിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന സാധാരണക്കാരായ മനുഷ്യരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന ശുപാർശ ഗവൺമെന്റിന് മുന്നിൽ വെക്കുമെന്നും മന്ത്രി പറഞ്ഞു.

വന്യ ജീവി ആക്രമണത്തിൽ മരണപ്പെടുന്നവർക്ക് 10 ലക്ഷം രൂപ നൽകുന്നത് വർഷങ്ങളായുള്ള രീതിയാണ്. നിലവിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും 10 ലക്ഷം രൂപ വീതം അനുവദിക്കുന്നുണ്ടെങ്കിലും കേന്ദ്രത്തിൽ നിന്നുള്ള തുക അഡ്വാൻസ് സ്‌കീമിൽ നിന്നും വാങ്ങി നൽകുന്നതിനാൽ ആകെ 10 ലക്ഷം മാത്രമേ നൽകാൻ സാധിക്കുന്നുള്ളൂ. സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും തുകകൾ ഒന്നിച്ച് ചേർത്ത് നഷ്ടപരിഹാരം 20 ലക്ഷം രൂപയായി വർദ്ധിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിക്കണം. വന്യജീവി ആക്രമണത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിൽ കുടിശ്ശികയുണ്ട്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് അപേക്ഷകൾ പരിഗണിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ വകുപ്പുതല സഹായം ലഭ്യമാക്കണമെന്നും മന്ത്രി നിർദേശിച്ചു. നിലവിൽ തീർപ്പാക്കാനുള്ള അപേക്ഷകളുടെ പുരോഗതി വിലയിരുത്താൻ റിവ്യൂ മീറ്റിംഗ് നടത്തണം. അപേക്ഷകളിലെ തീരുമാനം വേഗത്തിലാക്കാൻ എല്ലാ പഞ്ചായത്തുകളിലും ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസറെ ലെയ്‌സൺ ഓഫീസറായി ചുമതലപ്പെടുത്തുന്ന കാര്യം പരിഗണിക്കും. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും അടങ്ങുന്ന സമിതി യോഗത്തിൽ അപേക്ഷകൾ കൃത്യമായി നിരീക്ഷിച്ച് ‘സീറോ കോമ്പൻസേഷൻ’ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാൻ സാധിക്കുമെന്നും യോഗം വിലയിരുത്തി.

വന്യ ജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് താൽക്കാലിക ജോലികൾ അടിയന്തിരമായി നൽകാനുള്ള ഒരു സംവിധാനം ഉണ്ടാകണം. കൃഷിനാശവുമായി ബന്ധപ്പെട്ട് നിലവിൽ എത്ര അപേക്ഷകൾ കുടിശ്ശികയായി കിടക്കുന്നുണ്ട് എന്ന വിവരം കൈമാറണം. വിവിധ സ്‌കീമുകളിൽ ഉൾപ്പെട്ടിട്ടും ഇതുവരെ ടെണ്ടർ വിളിക്കാതെയും ഇംപ്ലിമെന്റ് ചെയ്യാതെയും വൈകി കിടക്കുന്ന പ്രോജക്ടുകൾ ഏതെല്ലാമെന്ന് കണ്ടെത്തണം.ആനകളുടെ യഥാർത്ഥ സഞ്ചാരപഥം തിരിച്ചറിയാൻ സംവീധാനം ഉറപ്പുവരുത്തണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉൾപ്പെടെയുള്ള അലാറം സിസ്റ്റം ക്രമീകരിച്ച് മുന്നോട്ട് പോകണം. ആർ ആർ ടി, കുങ്കിയാനകൾ, ഷൂട്ടർമാർ എന്നിവരുടെ ഏകോപനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

വനത്തോട് അതിർത്തി പങ്കിടുന്ന റോഡരികിലുള്ള കാടുകൾ സമയബന്ധിതമായി വെട്ടിമാറ്റാൻ വനം വകുപ്പിന് കർശന നിർദ്ദേശം നൽകി. സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലെ കാടുകൾ വെട്ടാനുള്ള നിർദേശം നൽകണമെന്നും മന്ത്രി പറഞ്ഞു.

കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് കൃഷ്ണൻ, സി.സി.എഫ്. ബി എൻ അഞ്ചൻകുമാർ, ടി ഉമ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *