July 23, 2026

വിദ്യാര്‍ഥികളുടെയും യുവാക്കളുടേയും നീതിക്കായുള്ള പോരാട്ടം തുടരും: കെ എം അഭിജിത്ത് എം എല്‍ എ

0
IMG_20260723_193926
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: രാജ്യത്തെ പ്രധാന മത്സരപരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന നടപടിക്കെതിരെയും, യുവജനതയുടെ ഭാവി തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയും യൂത്ത്‌കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ഹെഡ്‌പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി. യൂത്ത്‌കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ എം അഭിജിത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെയും യുവാക്കളുടേയും നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്താകമാനം പ്രതിഷേധം അലയടിക്കുകയാണ്. യുവാക്കള്‍ക്കായി, വിദ്യാര്‍ഥികള്‍ക്കായി, ഉദ്യോഗാര്‍ഥികള്‍ക്കായി രാജ്യത്തിനായുള്ള സമരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ നീതിക്കായി പോരാടുന്ന പതിനായിരക്കണക്കിന് ചെറുപ്പക്കാരുടെ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണകൂടം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും, പ്രിയങ്കാഗാന്ധിയെയും ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍, എം പിമാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിഷേധിച്ചതിന്റെ പേരില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി. പൊലീസിനെ വെച്ച് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്നത് ബി ജെ പി സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് കാണാന്‍ പോകുന്ന ദിവസങ്ങളാണ് വരാന്‍ പോകുന്നത്. രാജ്യത്തിനകത്ത് നിന്ന് രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവന്റെ പേര് രാജ്യദ്രോഹിയെന്നാണെങ്കില്‍, രാജ്യത്തിന്റെ സമസ്തമേഖലകളെയും ഇല്ലാതാക്കുന്നവന്റെ പേര് രാജ്യദ്രോഹിയെന്നാണെങ്കില്‍ ഇന്ന് ഇന്ത്യ കാണുന്ന രാജ്യദ്രോഹികളില്‍ നമ്പര്‍വണ്‍ നരേന്ദ്രമോദിയാണ്. രണ്ടാമത്തെയാള്‍ അമിത്ഷായാണ്. മൂന്നാമത്തെയാള്‍ ചെറുപ്പക്കാരുടെ ഭാവി ഇല്ലാതാക്കുന്ന ധര്‍മ്മേന്ദ്ര പ്രദാന്‍ എന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ധര്‍മ്മേന്ദ്ര പ്രദാന്റെ രാജിയോടെയെ ഈ പ്രതിഷേധം അവസാനിക്കൂ. വിദ്യാര്‍ഥികളുടെ ഭാവി ഇല്ലാതാക്കുന്ന വിധത്തിലുള്ള നടപടികളുണ്ടാകുമ്പോള്‍ നിശബ്ദരാകാന്‍ സാധിക്കില്ലെന്നും അഭിജിത്ത് കൂട്ടിച്ചേര്‍ത്തു. ആഗസ്റ്റ് ഒന്നിന് തിരുവനന്തപുരത്തും, ഒമ്പതിന് എന്‍ എസ് യുവിന്റെയും യൂത്ത്‌കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ഡല്‍ഹിയിലും അതിശക്തമായ പ്രതിഷേധസമരങ്ങള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് അധ്യക്ഷതവഹിച്ചു. അരുണ്‍ദേവ് സിഎ, ലയണല്‍ മാത്യു, അഫ്‌സല്‍ ചീരാല്‍, ശ്രീജിത്ത് കുപ്പാടിത്തറ, നിത കേളു, ഹര്‍ഷല്‍ കോന്നാടന്‍,മുത്തലിബ് പഞ്ചാര, ജിനു കോളിയാടി, അജിനാസ് തരിയോട്, പുഷ്പ മനോജ്, ജിജി വര്‍ഗീസ്, രോഹിത് ബോധി,ലിറാര്‍ പറളിക്കുന്ന്, ഗൗതം ഗോകുല്‍ദാസ്, അസീസ് വളാട്, വി എം യൂനുസ് അലി, ഡിന്റോ ജോസ്, ഹര്‍ഷല്‍ എം, അര്‍ജുന്‍ ദാസ്, ബേസില്‍ സാബു, മുഹമ്മദ് റിഷാദ്, മുഹമ്മദ് ഫെബിന്‍, വിസി വിനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *