ഇനി അവർക്ക് സ്വന്തമായി വീട്; നാല് കുടുംബങ്ങള്‍ക്ക് തണലൊരുക്കി സമസ്ത
കല്‍പ്പറ്റ: പുന്നപ്പുഴയുടെ ഓളങ്ങള്‍ക്കൊപ്പം ഒലിച്ചുപോയ നാല് കുടുംബങ്ങളുടെ സ്വപ്‌നങ്ങളെ ചേര്‍ത്തുപിടിച്ച് സമസ്ത. ഉരുള്‍പൊട്ടൽ ദുരന്തത്തിന്റെ എല്ലാ ഭീകരതയും അനുഭവിച്ച നാല് കുടുംബങ്ങളെയാണ് വെള്ളമുണ്ട പഞ്ചായത്തിലെ കട്ടയാട് സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അല്‍ബിര്‍റ് പ്രീ സ്‌കൂളിലെ കുഞ്ഞുങ്ങള്‍ സ്വരൂപിച്ചതും കോഴിക്കോട് ജില്ലയിലെ മയ്യന്നൂര്‍ മഹല്ല് കമ്മിറ്റിയുടെയും സാമ്പത്തിക സഹകരണം കൊണ്ട് പുനരധിവസിപ്പിക്കുന്നത്. കട്ടയാട്ടെ പൗരപ്രമുഖന്‍ പാറക്ക ഉസ്മാന്‍ എന്ന മനുഷ്യ സ്‌നേഹിയാണ് വീടൊരുക്കാനായി 25 സെന്റ് സ്ഥലം സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റിയെ ഏല്‍പ്പിച്ചത്.
കട്ടയാട്ടെ പൗരപ്രമുഖന്‍ പാറക്ക ഉസ്മാന്‍ എന്ന മനുഷ്യ സ്‌നേഹിയാണ് വീടൊരുക്കാനായി 25 സെന്റ് സ്ഥലം സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റിയെ ഏല്‍പ്പിച്ചത്. ഇവിടെയാണ് മനോഹരമായ എല്ലാ സൗകര്യങ്ങളോടും കൂടിയ നാല് വീടുകള്‍ ഉയര്‍ന്നത്. 2024 നവംബര്‍ ഒന്‍പതിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ തറക്കല്ലിട്ട വീടുകള്‍ ഈമാസം 10ന് അദ്ദേഹം തന്നെ കുടുംബങ്ങള്‍ക്ക് കൈമാറും.
അല്‍ബിര്‍റ് പ്രീസ്‌കൂളിലെ കുഞ്ഞുങ്ങള്‍ മൂന്ന് വീടുകള്‍ക്കുള്ള പണമാണ് സ്വരൂപിച്ച് നല്‍കിയത്. മയ്യന്നൂര്‍ മഹല്ല് കമ്മിറ്റി മറ്റൊരു വീടും പണിത് നല്‍കി. നാല് കുടുംബങ്ങളെയും മുണ്ടക്കൈ മഹല്ല് കമ്മിറ്റിയുടെ സഹായത്തോടെയാണ് സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്ടെത്തിയത്. കിണര്‍, മോട്ടോറുകള്‍, 5.50 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡ് തുടങ്ങിയ അനുബന്ധ സംവിധാനങ്ങളും ഒരുക്കി നല്‍കിയിട്ടുണ്ട്.
മൂന്ന് ബെഡ് റൂം, സിറ്റൗട്ട്, ഡൈനിംഗ് ഹാള്‍, കിച്ചണ്‍, ടോയ്‌ലറ്റ് അടക്കം 1000 സ്‌ക്വയര്‍ ഫീറ്റിലാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയാണ് ഓരോ വീടുകളുടെയും നിര്‍മ്മാണത്തിന് ചിലവായ തുക. വീടും അഞ്ച് സെന്റ് സ്ഥലവും നേരത്തെ തന്നെ കുടുംബങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കിയിട്ടുണ്ട്. 10ന് വീടുകളുടെ താക്കോലുകള്‍ ജിഫ്‌രി തങ്ങള്‍ കൈമാറുന്നതോടെ സമസ്തയും പോഷക ഘടകങ്ങളും ഉരുളെടുത്ത് പോയ മനുഷ്യരെ ചേര്‍ത്തുപിടിച്ചതിന്റെ മറ്റൊരു ഘട്ടം കൂടി പൂര്‍ത്തീകരിക്കപ്പെടും.





Leave a Reply