June 5, 2026

ബിർസ മുണ്ട അൺസങ് ഹീറോ അവാർഡ് സുകു കണ്ടാമലയ്ക്ക്; വയനാടിന്റെ ഗോത്ര-ശാസ്ത്രീയ നൃത്തപ്പെരുമയ്ക്ക് സംസ്ഥാന അംഗീകാരം

0
IMG_20260605_185118
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: മുള്ളുക്കുറുമ ഗോത്ര നൃത്ത പാരമ്പര്യവും ശാസ്ത്രീയ നൃത്തരൂപങ്ങളും ഒരുപോലെ നെഞ്ചിലേറ്റി വരുംതലമുറകൾക്ക് പകർന്നുനൽകാൻ ജീവിതം സമർപ്പിച്ച പുൽപ്പള്ളി വേലിയമ്പം സ്വദേശിയും പ്രമുഖ ഗോത്ര-ശാസ്ത്രീയ നർത്തകനുമായ സുകു കെ.എസ് കണ്ടാമലയ്ക്ക് ബിർസ മുണ്ട അൺസങ് ഹീറോ അവാർഡ്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ജൻ ജാതീയ ഗരിമ ഉത്സവ് 2026 ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അധ്യക്ഷത വഹിച്ച ചടങ്ങിലാണ് വയനാടിന്റെ അഭിമാനമായ സുകുവിന് പുരസ്കാരം സമ്മാനിച്ചത്.

 

കണ്ടാമല ഗോത്രഗ്രാമത്തിലെ മുള്ളുക്കുറുമ സമുദായത്തിൽ നിന്നുള്ള സുകു, ചെറുപ്രായത്തിൽ തന്നെ നൃത്തത്തിൽ അസാധാരണമായ കഴിവ് പ്രകടിപ്പിച്ചിരുന്നു. മുള്ളുക്കുറുമ ഗോത്രത്തിന്റെ തനത് നൃത്തരൂപങ്ങളായ ചവിട്ടുകളി, തറക്കളി എന്നിവ പൂർവ്വികരിൽ നിന്ന് ശാസ്ത്രീയമായി അഭ്യസിച്ച അദ്ദേഹം, വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയും പരിശീലനത്തിലൂടെയും ആ കലാരൂപത്തെ പരിപൂർണ്ണതയിലെത്തിച്ചു. ഗ്രാമത്തിലെ മുതിർന്ന ഗുരുനാഥന്മാരിൽ നിന്ന് മുള്ളുക്കുറുമ ഗോത്രപ്പാട്ടുകളും മുതിർന്ന സ്ത്രീകളിൽ നിന്ന് പൂശാരിക്കളിയുടെ പാഠങ്ങളും സ്വായത്തമാക്കിയാണ് അദ്ദേഹം തന്റെ കലാജീവിതത്തിന് അടിത്തറയിട്ടത്.

 

നൃത്തമാണ് തന്റെ ജീവിതവഴിയെന്ന് തിരിച്ചറിഞ്ഞ സുകു, ഗോത്ര നൃത്തങ്ങളിൽ മാത്രമല്ല ശാസ്ത്രീയ നൃത്തരൂപങ്ങളിലും തനിക്കുള്ള താല്പര്യം തെളിയിച്ചു. എസ്.എസ്.എൽ.സി വിദ്യാഭ്യാസത്തിന് ശേഷം മോഹിനിയാട്ടത്തിൽ ഡിപ്ലോമ നേടിയ അദ്ദേഹം, പ്രമുഖ ഗുരുക്കന്മാരിൽ നിന്ന് ഭരതനാട്യത്തിലും പരിശീലനം നേടിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി നൃത്ത മേഖലയിൽ അധ്യാപകനായും കലാകാരനായും സേവനമനുഷ്ഠിച്ചുവരുന്ന സുകു, ഗോത്ര നൃത്തരൂപങ്ങളും ശാസ്ത്രീയ നൃത്തകലകളും ഒരേപോലെ കൈകാര്യം ചെയ്യുന്ന അപൂർവ്വം കലാകാരന്മാരിൽ ഒരാളാണ്. മികച്ച ഭരതനാട്യം നർത്തകനുള്ള 2025-ലെ കിർത്താഡ്സ് ബോയ്ഗാവ സംസ്ഥാന പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

 

നിലവിൽ പുൽപ്പള്ളി നൂപുര നൃത്ത വിദ്യാലയത്തിലെ അധ്യാപകനായ സുകു കണ്ടാമല, ആയിരത്തോളം കുട്ടികൾക്ക് നിരവധി വേദികളിൽ ഗോത്ര നൃത്തങ്ങളും ശാസ്ത്രീയ നൃത്തങ്ങളും പഠിപ്പിച്ചും അവതരിപ്പിച്ചും തന്റെ ജൈത്രയാത്ര തുടരുകയാണ്. നൃത്ത പഠനവും പരിശീലനവും ഇപ്പോഴും തുടരുന്ന അദ്ദേഹം വയനാട് മേഖലയിൽ ശാസ്ത്രീയ നൃത്തരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഏക ഗോത്രവർഗ്ഗ നൃത്താധ്യാപകനാണ്. സ്വന്തം സമുദായത്തിന്റെ പരമ്പരാഗത അറിവുകളും കലാരൂപങ്ങളും ജീവിതാനുഭവങ്ങളും സാമൂഹിക ബോധവും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിൽ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്കും, ഗോത്രവർഗ്ഗ സമൂഹങ്ങളുടെ സ്വത്വവും പൈതൃകവും വരും തലമുറകളിലേക്ക് പകരാൻ അഹോരാത്രം നടത്തുന്ന പരിശ്രമങ്ങൾക്കുമുള്ള അംഗീകാരമായാണ് ഈ ബിർസാ മുണ്ട അൺസങ് ഹീറോ അവാർഡ് അദ്ദേഹത്തെ തേടിയെത്തിയത്. ഭാര്യ ധന്യയും മകൾ പാർവണയും അടങ്ങുന്ന കുടുംബവും സുകുവിന് പൂർണ്ണ പ്രോത്സാഹനവുമായി ഒപ്പമുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *