June 25, 2026

മെന്റർ ടീച്ചർ നിയമനം: അതിദുർബല ആദിവാസി വിഭാഗങ്ങളിൽ നിന്ന് അപേക്ഷകർ കുറവ്; ജൂൺ 27 അവസാന തീയതി

0
WhatsApp Image 2026-06-25 at 7.48.34 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ മെന്റർ ടീച്ചർ തസ്തികയിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുള്ളതിൽ, അതിദുർബല ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകളുടെ എണ്ണം വളരെ കുറവാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിലവിൽ നൂറിൽ താഴെ അപേക്ഷകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്.

വയനാട് ജില്ലയിൽ അതിദുർബല ആദിവാസി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന ഒഴിവുകളുടെ എണ്ണം ഗണ്യമാണ്. പണിയർ വിഭാഗത്തിന് 167 ഒഴിവുകളും, കാട്ടുനായ്ക്കർ വിഭാഗത്തിന് 28 ഒഴിവുകളും, അടിയർ വിഭാഗത്തിന് 18 ഒഴിവുകളും, ഊരാളി വിഭാഗത്തിന് 2 ഒഴിവുകളും നിലവിലുണ്ട്. കൂടാതെ കുറിച്യ വിഭാഗത്തിന് 14 ഒഴിവുകളും കുറുമ വിഭാഗത്തിന് 11 ഒഴിവുകളും സംവരണം ചെയ്തിട്ടുണ്ട്.

പ്ലസ് ടു യോഗ്യതയോ അതിന് മുകളിലുള്ള വിദ്യാഭ്യാസ യോഗ്യതകളോ ഉള്ള അർഹരായ യുവജനങ്ങൾ ഇപ്പോഴും അപേക്ഷ സമർപ്പിക്കാത്ത സാഹചര്യമാണുള്ളത്. ആവശ്യത്തിന് അപേക്ഷകൾ ലഭിക്കാത്തപക്ഷം ഈ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള നിരവധി ഒഴിവുകൾ ഒഴിഞ്ഞുകിടക്കാൻ സാധ്യതയുണ്ടെന്നും ആശങ്ക ഉയരുന്നുണ്ട്.

ജൂൺ 27 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അതിനാൽ ഇനി ബാക്കിയുള്ള ദിവസങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി അതിദുർബല ആദിവാസി വിഭാഗങ്ങളായ അടിയർ, പണിയർ, കാട്ടുനായ്ക്കർ, ഊരാളി വിഭാഗങ്ങളിൽപ്പെട്ട യോഗ്യരായ എല്ലാ യുവജനങ്ങളിലേക്കും വിവരം എത്തിക്കണമെന്ന് സാമൂഹിക പ്രവർത്തകരും സമുദായ പ്രതിനിധികളും അഭ്യർത്ഥിച്ചു.

കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽവാസികൾ, പരിചയക്കാർ തുടങ്ങിയവരിൽ പ്ലസ് ടു യോഗ്യതയോ അതിന് മുകളിലുള്ള യോഗ്യതകളോ ഉള്ളവരെ കണ്ടെത്തി ഉടൻ അപേക്ഷ സമർപ്പിക്കാൻ സഹായിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 27 ആയതിനാൽ, അർഹരായ ഉദ്യോഗാർത്ഥികൾ അവസാന നിമിഷം വരെ കാത്തിരിക്കാതെ എത്രയും വേഗം അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും 8075803118 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *